Monday, January 6, 2025
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയർപ്പിച്ചെത്തിയ കർഷകരെ പൊലീസ് തടഞ്ഞു

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയർപ്പിച്ച് ജന്തർ മന്തറിലെത്തിയ കർഷകരെ പൊലീസ് തടഞ്ഞു. തിക്രി അതിർത്തിയിൽ വച്ചാണ് തടഞ്ഞത്. വാഹന പരിശോധനയ്ക്ക് ശേഷം ഇവരെ കടത്തിവിടുമെന്ന് പൊലീസ് അറിയിച്ചു. കർഷകർ എത്തുന്നതിനാൽ ജന്തർ മന്തറിയിൽ കൂടുതൽ സേനയെ വിന്യസിച്ചിരുന്നു. ജന്തർ മന്തറിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ പരിശോധനയും പട്രോളിങ്ങുമൊക്കെ വർധിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് ഇന്ന് ആയിരക്കണക്കിന് കർഷകർ സമരപ്പന്തലിലെത്തുമെന്നാണ് വിവരം. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ് തുടങ്ങിയ ജില്ലകളിൽ നിന്ന് സംയുക്ത കിസാൻ മോർച്ചയുടെ മുതിർന്ന നേതാക്കൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തും. ബ്രിജ്ഭൂഷൺ സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

പരാതിയിൽ ഡൽഹി പൊലീസ് ഗുസ്തി താരങ്ങളുടെ മൊഴിയെടുത്തിരുന്നു. ബ്രിജ് ഭൂഷൺ സിങിനെതിരെ ഗുരുതര ആരോപണങ്ങളാണ് താരങ്ങൾ മൊഴിയിൽ നൽകിയിരിക്കുന്നത്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും പന്ത്രണ്ടോളം തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും ഗുസ്തി താരങ്ങൾ ഡൽഹി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

2012 മുതൽ 2022 വരെയുള്ള കാലയളവിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങൾ നടന്നത്. ഏപ്രിൽ 21 ന് ഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ലൈംഗികാതിക്രമം സംബന്ധിച്ച് എട്ടോളം സംഭവങ്ങൾ പരാമർശിച്ചിട്ടുണ്ട്.

ശ്വാസം പരിശോധിക്കാനെന്ന പേരിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗ് തങ്ങളെ പലതവണ ശാരീരികമായി ഉപദ്രവിച്ചു. ഗുസ്തി അസോസിയേഷൻ പ്രസിഡന്റെന്ന നിലയിലുള്ള ശരൺ സിംഗിന്റെ സ്വാധീനവും കരിയറിൽ അതുണ്ടാക്കിയേക്കാവുന്ന ദോഷവും കണക്കിലെടുത്താണ് ഇക്കാര്യം നേരത്തെ പറയാതിരുന്നതെന്ന് വനിതാ ഗുസ്തി താരങ്ങൾ പരാതിയിൽ പറയുന്നു.ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരം ജന്തർ മന്തറിൽ തുടരുകയാണ്.

2016ലെ ഒരു ടൂർണമെന്റിനിടെയാണ് പരാതിയിൽ പരാമർശിച്ച ഒരു സംഭവം. വനിതാ ഗുസ്തി താരത്തെ അടുത്തേക്ക് വിളിച്ച ബ്രിജ്ഭൂഷൺ സിംഗ് നെഞ്ചിലും വയറിലും ലൈംഗികമായി സ്പർശിച്ചെന്ന് പരാതിയിൽ പറയുന്നു. ഈ സംഭവത്തിന് ശേഷം തനിക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയായെന്നും വിഷാദത്തിലേക്കെത്തിയെന്നും ഗുസ്തി താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *