Tuesday, January 7, 2025
National

പരസ്യപ്രചാരണം ക്ലൈമാക്സിലേക്ക്, റോഡ് ഷോയുമായി മോദി, ഒന്നിച്ചെത്തി രാഹുലും പ്രിയങ്കയും; ഇളകിമറിഞ്ഞ് കർണാടക

ബെംഗളുരു: കര്‍ണാടകയിൽ പരസ്യപ്രചാരണം അവസാനിക്കാൻ ഒരു ദിനം മാത്രം ശേഷിക്കെ സംസ്ഥാന രാഷ്ട്രീയം ഇളക്കി മറിക്കുകയാണ് ദേശീയ നേതാക്കള്‍. ബംഗളുരുവിൽ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബി ജെ പി പ്രചാരണം നേരിട്ട് നയിച്ചപ്പോൾ കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചെത്തുകയാണ്. അവസാനലാപ്പിൽ പ്രചാരണം കൊട്ടിക്കയറുകയാണ് കർണാടകയിൽ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇന്നും ബെംഗളുരു നഗരത്തിൽ മോദിയുടെ വമ്പൻ റോഡ് ഷോയാണ് നടന്നത്. ഇന്നും ഇന്നലെയുമായി ബെംഗളുരുവിൽ നടന്ന വമ്പൻ റോഡ് ഷോയിൽ നിരവധിപ്പേരാണ് മോദിയെ കാണാൻ ഒഴുകിയെത്തിയത്. ബജ്‍രംഗദൾ നിരോധനം പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ബി ജെ പി ഉയർത്തിക്കാട്ടിയത് റോഡ് ഷോയിലും പ്രതിഫലിച്ചു. ഹനുമാന്‍റെ ചിത്രമുള്ള കൊടികളുമേന്തി നിരവധി ബജ്‍രംഗദൾ പ്രവർത്തകരാണ് റാലിയിലേക്ക് ഒഴുകിയെത്തിയത്. പുതിയ ചരിത്രമാകും ഈ തെരഞ്ഞെടുപ്പിലൂടെ കർണാടക ജനത സൃഷ്ടിക്കുകയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

നഗരമേഖലകളിൽ നിന്നുള്ള വോട്ടുകൾ പരമാവധി സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു രണ്ട് ദിവസമായുള്ള മോദിയുടെ ബെംഗളുരു റാലി. ഇതിന് ശേഷം ശിവമൊഗ്ഗയിൽ മുതിർന്ന നേതാവ് യെദിയൂരപ്പയോടൊപ്പവും മൈസുരുവിലെ നഞ്ചൻ ഗുഡിലും മോദി റോഡ് ഷോയും പൊതുസമ്മേളനങ്ങളും നടത്തി. കഴിഞ്ഞ നാല് മാസത്തിനിടെ 9 തവണയാണ് മോദി കർണാടകത്തിലെത്തിയത്. കഴിഞ്ഞ ആറ് ദിവസങ്ങൾക്കുള്ളിൽ നാല് തവണയും. ഭരണവിരുദ്ധവികാരം അലയടിക്കുന്നതിനാൽ സംസ്ഥാനനേതൃത്വത്തെ പിൻസീറ്റിലിരുത്തി പ്രചാരണത്തിന്‍റെ കടിഞ്ഞാൺ മോദി തന്നെ കയ്യിലെടുക്കുന്ന കാഴ്ചയാണ് കണ്ടത്. തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് മോദിയുടെ ജനവിധിയെക്കുറിച്ച് കൂടിയുള്ള വിലയിരുത്തലാകുമെന്നുറപ്പ്. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവരും കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ക്ലൈമാക്സ് ബി ജെ പിക്ക് അനുകൂലമാക്കാനായി സംസ്ഥാനത്തുണ്ട്.

അതേസമയം അവസാനലാപ്പിൽ കോണ്‍ഗ്രസ് പ്രചാരണം നയിക്കുന്നത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചാണ്. ഇന്ന് ഉത്തര കർണാടകയും മൈസുരു മേഖലയും കേന്ദ്രീകരിച്ച് രണ്ട് പൊതുസമ്മേളനങ്ങളിലാണ് പ്രിയങ്കയും രാഹുലും എത്തിയത്. ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച്, ന്യൂനപക്ഷങ്ങളെ, ദളിത് വിഭാഗങ്ങളെ ഒക്കെ ലക്ഷ്യമിട്ട് തുടർച്ചയായി പ്രചാരണറാലികൾ നടത്തി. ഇന്ന് ബെംഗളുരു നഗരത്തിൽ രാത്രി രാഹുലും പ്രിയങ്കയും ഒന്നിച്ച് പൊതുസമ്മേളനത്തിനെത്തുന്നുണ്ട്. മൂഡബിദ്രിയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ ബി ജെ പി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക അഴിച്ചുവിട്ടത്. രാഹുലാകട്ടെ എല്ലാ ജനപ്രിയവാഗ്ദാനങ്ങളും ആവർത്തിച്ചു. ബിജെപി ഭരണത്തിൽ എല്ലായിടത്തും അഴിമതിയെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്നലെ സോണിയ ഗാന്ധിയും കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. സ്വന്തം സംസ്ഥാനത്ത് അഭിമാനപോരാട്ടത്തിൽ വിജയിച്ചുകയറാനായി ദേശീയ അധ്യക്ഷൻ ഖ‍ർഗെയും അരയും തലയും മുറിക്കി രംഗത്തുണ്ട്.

പരസ്യപ്രചാരണം നാളെ കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോൾ തെരഞ്ഞെടുപ്പ് ചൂട് അതിന്‍റെ ഉച്ചസ്ഥായിയിലാണ് കർണാടകത്തിൽ. മറ്റന്നാൾ നിശ്ശബ്ദപ്രചാരണവും കഴിഞ്ഞാൽ കന്നട ജനത വിധിയെഴുതാൻ ബുധനാഴ്ച വോട്ടിംഗ് ബൂത്തിലേക്ക് നീങ്ങും. ഈ മാസം 13 ാം തിയതി കർണാടക ജനതയുടെ വിധി ആർക്ക് അനുകൂലമാണെന്ന് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *