Thursday, January 23, 2025
Kerala

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; സത്യമേവ ജയതേ റോഡ് ഷോയിൽ പ്രിയങ്കയും പങ്കെടുക്കും

അയോഗ്യത നടപടി നേരിട്ടതിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ രാഹുലിനൊപ്പം കൽപറ്റയിലെത്തും. പതിനായിരങ്ങളെ അണിനിരത്തി രാഹുലിന്റെ പ്രത്യേക റോഡ് ഷോയും യുഡിഎഫ് നടത്തും. പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാകയായിരിക്കും റോഡ്‌ ഷോയിൽ ഉപയോഗിക്കുക.

രാഹുൽ ഗാന്ധിക്ക് വേണ്ടി വൻ സ്വീകരണമാണ് മണ്ഡലത്തിൽ യുഡിഎഫ് ഒരുക്കിയിരിക്കുന്നത്. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന റോഡ്‌ ഷോ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും. റോഡ്‌ ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കും. രാഹുൽ ഗാന്ധിയോടൊപ്പം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേമചന്ദ്രൻ എംപി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *