വനിതാ ദിനം : വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ
ലോക വനിതാ ദിനമായ മാർച്ച് എട്ടിനോട് അനുബന്ധിച്ച് വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. ഇത് സംബന്ധിച്ച് ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ ചീഫ് സെക്രട്ടറി എ.ശാന്തി കുമാരി ഒപ്പുവച്ചു. സർക്കാർ മേഖലകളിലും സ്വകാര്യം മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്കായാണ് തെലങ്കാനയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികൾക്കാണ് തെലങ്കാന സർക്കാർ തുടക്കം കുറിക്കുന്നത്. വനിതകളുടെ പ്രാധാന്യം സമൂഹത്തിന് കാണിച്ചുകൊടുക്കാനായി വിവിധ പരിപാടികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. നഗര-ഗ്രാമ-തദ്ദേശ മേഖലകളിലെ വനിതാ ജനപ്രതിനിധികളെയും സ്വയം സഹായ സംഘങ്ങളിലേയും വിവിധ എൻജിഒകളിലേയും സ്ത്രീകളുടെ പങ്കാളിത്തം പരിപാടിയിൽ ഉറപ്പ് വരുത്തും.
വിവിധ സ്വയം സഹായ സംഘം പ്രവർത്തകർ നിർമിച്ച വസ്തുക്കളുടെ പ്രദർശന-വിപണന മേളയും തെലങ്കാനയിലെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ, കായിക-സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടെ വിപുലമായ ആഘോഷങ്ങളും സർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. ഒപ്പം സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ചും ശാക്തീകരണം സംബന്ധിച്ചും വിവിധ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.