എക്‌സ്‌പോ 2020: സർക്കാർ ജീവനക്കാർക്ക് ആറു ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ദുബായ്
ദുബായ്: എക്സ്പോ 2020 ൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു ദുബായ്. എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്സ്പോയിൽ പങ്കെടുക്കാൻ 2022 മാർച്ച് 31 വരെ എപ്പോൾ വേണമെങ്കിലും ജീവനക്കാർക്ക് അവധി എടുക്കാമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
ഒരു ദിവസത്തെ സന്ദർശന നിരക്കിൽ ഒരു മാസത്തേക്കുള്ള പാസ് ഇപ്പോൾ സ്വന്തമാക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഒക്ടോബർ പാസ് എന്ന് പേരിട്ടിരിക്കുന്ന ഈ എൻട്രി ടിക്കറ്റിലൂടെ 31 ദിവസം എക്‌സ്‌പോ വേദി സന്ദർശിക്കാനാവും. 95 ദിർഹമാണ് ഇതിന്റെ നിരക്കെന്നും അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 15 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. പവലിയനുകൾ സന്ദർശിക്കാനായി 10 സ്മാർട്ട് ക്യൂബുക്കിങുകളും ഈ പ്രത്യേക പാസിൽ ഫ്രീയായി ലഭിക്കും. ഇതിലൂടെ ഓരോ പവലിയന് മുന്നിലുമുള്ള കാത്തിരിപ്പ് ഒഴിവാക്കാനാകും. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‌ലെറ്റുകളുമാണ് എക്‌സ്‌പോ നഗരിയിൽ ഉണ്ടാകുക.