Wednesday, January 8, 2025
National

കടുത്ത ചൂട്: വെള്ളവും ഭക്ഷണവും മുടങ്ങരുത്, സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

രാജ്യത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വേനലവധിക്കാലത്തെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കടുത്ത ചൂടിന് സാധ്യതയുള്ളതിനാൽ സാധാരണക്കാരെയും കൃഷിയെയും സംരക്ഷിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മോദി നിർദ്ദേശം നൽകി.

എല്ലാ ദിവസവും പുതുക്കിയ കാലാവസ്ഥാ വിവരങ്ങൾ നൽകണമെന്ന് പ്രധാനമന്ത്രി കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലസേചനം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട തയ്യാറെടുപ്പ് നടത്തണം. കാട്ടുതീ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. എല്ലാ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ചൂടുകാലാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനു വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കണം. കടുത്ത ചൂടിനെ നേരിടാൻ കുട്ടികളെ ബോധവത്കരിക്കുന്നതിന് സ്കൂളുകളിൽ മൾട്ടിമീഡിയ ലെക്ചർ സെഷനുകൾ ഉൾപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു. ലഘുലേഖകളിലൂടെയും പരസ്യങ്ങളിലൂടെയും ചൂടുകാലത്ത് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കണം. വെള്ളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന രീതിയിൽ ദൈനംദിന കാലാവസ്ഥാ പ്രവചനങ്ങൾ നൽകണമെന്ന് പ്രധാനമന്ത്രി ഐഎംഡിയോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ പ്രവചനം പ്രചരിപ്പിക്കുന്നതിനായി വാർത്താ ചാനലുകൾ, എഫ്എം റേഡിയോ തുടങ്ങിയവയെ ഉൾപ്പെടുത്താനും പൗരന്മാർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സൗകര്യമൊരുക്കാനും അദ്ദേഹം നിർദേശം നൽകി. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ എല്ലാ ആശുപത്രികളിലും മോക്ക് ഫയർ ഡ്രിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജലസംഭരണികളിൽ കാലിത്തീറ്റയുടെയും വെള്ളത്തിന്റെയും ലഭ്യത നിരീക്ഷിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. പ്രതികൂല കാലാവസ്ഥയിലും ഭക്ഷ്യധാന്യങ്ങളുടെ സംഭരണം ഉറപ്പാക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിഎംഒ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി, കൃഷി, കർഷക ക്ഷേമ വകുപ്പ് സെക്രട്ടറി, ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി, എൻഡിഎംഎ മെമ്പർ സെക്രട്ടറി എന്നിവർ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *