Saturday, January 4, 2025
National

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും

നാളെ ആരംഭിയ്ക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടി കടന്നാക്രമണത്തിന്‌ ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ. വിലക്കയറ്റവും തൊഴിലില്ലായ്‌മയും മിനിമം താങ്ങുവില അടക്കമുള്ള കർഷക പ്രശ്‌നങ്ങളുമാകും മുഖ്യവിഷയങ്ങളായി ഉയർത്തുക. ഇത് സംബന്ധിച്ച് പ്രധാന പ്രതിപക്ഷ പാർട്ടികൾ തമ്മിൽ പ്രാഥമിക ധാരണ രൂപപ്പെട്ടു.

സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, തൊഴിലുറപ്പ്‌ പദ്ധതി ദുർബലപ്പെടുത്തൽ, ആദിവാസികളുടെ വനാവകാശം തുടങ്ങിയ വിഷയങ്ങളാവും ആദ്യ ദിവസങ്ങളിൽ സഭയിൽ ഉന്നയിക്കുക. വൈദ്യുതി ഭേദഗതി ബില്ലിനോടുള്ള വിയോജിപ്പ്‌, ദ്രോഹകരമായ തൊഴിൽ ചട്ടങ്ങൾ, എയിംസ്‌ സെർവർ തകർന്നത്‌ അടക്കമുള്ള സൈബർ കുറ്റങ്ങൾ തുടങ്ങിയവ സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെടും. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തൽ, സുപ്രിം കോടതിയോടുള്ള സർക്കാരിന്റെ ഏറ്റുമുട്ടൽ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷ പാർട്ടികൾ ഉയർത്തും.

ഒന്നിലേറെ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള മൾട്ടിസ്‌റ്റേറ്റ്‌ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ ഭേദഗതി ബില്ലടക്കം 16 പുതിയ ബില്ലാണ്‌ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്‌. വനസംരക്ഷണ ഭേദഗതി ബിൽ, ട്രേഡ്‌മാർക്ക്‌സ്‌ ഭേദഗതി ബിൽ, ദേശീയ നഴ്‌സിങ്‌ – മിഡ്‌വൈഫ്‌ ഭേദഗതി ബിൽ, ദേശീയ ദന്തൽ കമീഷൻ ബിൽ തുടങ്ങിയവയും സഭയിൽ അവതരിപ്പിയ്ക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസം ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലങ്ങളും രണ്ടാം ദിവസം ഗുജറാത്ത്‌, ഹിമാചൽ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ വരുന്നതും സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *