പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്‌ത് അസദുദ്ദീൻ ഒവൈസി, ജയറാം രമേശ്, രമേശ് ചെന്നിത്തല, മഹുവ മൊയ്ത്ര, മുസ്‌ലിം ലീഗ്, സിപിഐ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ദ്രാവിഡ മുന്നേറ്റ കഴകം, അസം ഗണ പരിഷത്ത് തുടങ്ങി 143 വ്യക്തികളും സംഘടനകളും നല്കിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുന്നതിനായി ലിസ്‌റ്റ് ചെയ്‌തത്. റിട്ട് ഹർജികൾ ഫയലിൽ സ്വീകരിച്ച് 2019 ഡിസംബറിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നേരത്തെ നോട്ടിസ് അയച്ചിരുന്നു. നിയമം സ്റ്റേ ചെയ്യണമെന്ന ഹർജ്ജിക്കാരുടെ ആവശ്യം സുപ്രിം കോടതി അംഗികരിച്ചില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി ഇന്ന് പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
രാജ്യത്ത് ഒരു വ്യക്തിക്കും നിയമത്തിന് മുന്നിൽ തുല്യതയ്ക്കുള്ള അവകാശമോ നിയമത്തിന്റെ തുല്യ പരിരക്ഷയോ നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14 നിയമം ലംഘിക്കുന്നുവെന്നാണ് ഹർജ്ജിക്കാരുടെ വാദം. ആർട്ടിക്കിൾ 14-ന്റെ അടിസ്ഥാനത്തിൽ നിയമം വിശദമായി പരിശോധിക്കാം എന്ന് സുപ്രിം കോടതി കഴിഞ്ഞ തവണ സമ്മതിച്ചിരുന്നു.