സ്വന്തം ഓര്‍മകളെ അവിശ്വസിക്കുന്ന ഓര്‍മ്മക്കുറിപ്പുകാരി; സാഹിത്യ നൊബേല്‍ അന്നി എര്‍ണോയ്ക്ക്
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഫ്രഞ്ച് എഴുത്തുകാരിയായ അന്നി എര്‍ണോ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ആത്മകഥാംശമുള്ള രചനകളിലൂടെ സാമൂഹികാവസ്ഥ വരച്ചിട്ട എഴുത്തുകാരിയാണ് അന്നി എര്‍ണോ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ഓര്‍മകളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്‌കാരമാണ് അന്നിയുടെ രചകളെന്നും സമിതി വ്യക്തമാക്കി.
പുരസ്‌കാരം നേടാനായതില്‍ അഭിമാനമുണ്ടെന്നും പുരസ്‌കാരം തന്നില്‍ വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും എര്‍ണോ പ്രതികരിച്ചു. ലാ പ്ലേസ്, ലാ അര്‍മോയേഴ്‌സ്, സിംപിള്‍ പാഷന്‍, ദ ഇയേഴ്‌സ് എന്നിവയാണ് എര്‍ണോയുടെ പ്രധാന കൃതികള്‍.
Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം
എര്‍ണോയുടെ കൃതികള്‍ മിക്കവയും ആത്മകഥാപരമാണ്. സ്വന്തം ഓര്‍മകളെ അവിശ്വസിക്കുന്ന ഓര്‍മ്മക്കുറിപ്പുകാരി എന്നാണ് എര്‍ണോ വിശേഷിപ്പിക്കപ്പെടുന്നത്. മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്നുള്ള വേദനകള്‍, രോഗാവസ്ഥകള്‍, ലൈംഗിക അനുഭവങ്ങള്‍, ഗര്‍ഭഛിദ്രം മുതലായവയെല്ലാം അസാമാന്യ ധൈര്യത്തോടെ ശക്തമായ ഭാഷയില്‍ എര്‍ണോ തന്റെ ഓര്‍മക്കുറിപ്പുകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
വ്യക്തിനിഷ്ഠമായ അനുഭവങ്ങളിലൂടെ തന്റേയും ചുറ്റുമുള്ളവരുടേയും വേരുകള്‍ തേടുന്ന ശക്തമായ രചനകളാണ് എര്‍ണോയുടേതെന്ന് നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡേഴ്‌സ് ഒള്‍സോണ്‍ പ്രതികരിച്ചു.