സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും; തീരുമാനം വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍
സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനമുണ്ടായത്. കെ നാരായണ ആണ് ഡി രാജയുടെ പേര് നിര്‍ദേശിച്ചത്. കാനം രാജേന്ദ്രന്‍ നിര്‍ദേശത്തെ പിന്താങ്ങി.
2019 ജൂലൈയിലാണ് ജനറല്‍ സെക്രട്ടറിയായി ഡി രാജ ചുമതലയേറ്റത്. എസ് സുധാകര്‍ റെഡ്ഡി അനാരോഗ്യം മൂലം സ്ഥാനമേറ്റപ്പോള്‍ ഡി രാജ ചുമതലയേല്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇതാദ്യമായാണ് ഡി രാജ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുപ്പിലൂടെ ചുമതലയേല്‍ക്കുന്നത്. കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും ദേശീയ എക്‌സിക്യുട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിജയവാഡയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നവസാനിക്കും.
അതേസമയം സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി. എന്നാല്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ തഴഞ്ഞു.
മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, സി എന്‍ ജയദേവന്‍ എന്നിവര്‍ ഒഴിഞ്ഞു. 6 പേര്‍ ഒഴിഞ്ഞ്, 8 പുതുമുഖങ്ങള്‍ വരുന്നതോടെ കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ എണ്ണം 11 ല്‍ നിന്നും 13 ആയി വര്‍ധിച്ചു.
സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമാകും. ആറ് പേരാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിയുന്നത്. പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, കെ ഇ ഇസ്മായില്‍, സി എന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവരാണ് കൗണ്‍സിലില്‍ നിന്നും ഒഴിയുന്നത്. അതേസമയം സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.