നിലപാടിലുറച്ച് കർഷകർ; കേന്ദ്രസർക്കാരുമായി അഞ്ചാംവട്ട ചർച്ച ആരംഭിച്ചു
സമരം ശക്തമാകുന്നതിനിടെ ഡൽഹിയിൽ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്രസർക്കാരിന്റെ അഞ്ചാം വട്ട ചർച്ച ആരംഭിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്
നിയമഭേദഗതി എന്ന ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയേക്കുമെന്നാണ് അറിയുന്നത്. ചർച്ചക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം ലോകരാഷ്ട്രങ്ങൾക്കിടയിലും ചർച്ചയാകുന്നതിനിടെ ആയിരുന്നു കൂടിക്കാഴ്ച
കർഷകർ പോസിറ്റീവായി ചിന്തിക്കുകയും സമരത്തിൽ നിന്ന് പിൻമാറുകയും ചെയ്യുമെന്നാണ് താൻ കരുതുന്നതെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ചർച്ചക്ക് മുന്നോടിയായി പ്രതികരിച്ചു. അതേസമയം കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്ന നിലപാടിലുറച്ചാണ് കർഷകരുള്ളത്
പാർലമെന്റ് വളയും എന്നതടക്കമുള്ള മുന്നറിയിപ്പുകളും കർഷകർ നൽകി കഴിഞ്ഞു. എട്ടാം തീയതി ഭാരത് ബന്ദിനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്.