വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ട്രെയിനില്‍ മധ്യവയസ്‌കന്റെ അശ്ലീല പ്രദര്‍ശനം; റെയില്‍വേ പൊലീസ് കേസെടുത്തു
ട്രെയിനില്‍ വിദ്യാര്‍ത്ഥിനികളായ സഹോദരിമാര്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം. കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവേയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുത്തു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയ മധ്യവയസ്‌കനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്.ഒരു കാലിനു മുടന്തുള്ള ഇയാള്‍ ഊന്നുവടി കുത്തിയാണ് ട്രെയിനില്‍ കയറിയത്.ശേഷം ശുചിമുറിക്ക് സമീപം നിലയുറപ്പിച്ചു.പിന്നാലെ യാതൊരു കൂസലുമില്ലാതെ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയായിരുന്നു.
പെണ്‍കുട്ടികളില്‍ ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്ന് മനസ്സിലാക്കിയ ഉടന്‍ ഇയാള്‍ കഴക്കൂട്ടം സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ബോഗിയില്‍ മാറിക്കയറി.ട്രെയിന്‍ വര്‍ക്കല സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ ഇറങ്ങിപ്പോയി എന്നും പെണ്‍കുട്ടികള്‍ പറയുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ റെയില്‍വേ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.