Wednesday, April 16, 2025
National

‘നാളെ ഇവർ രാജ്യത്തെ ‘ബിജെപി’ എന്ന് വിളിക്കും’; അരവിന്ദ് കെജ്രിവാൾ

ഇന്ത്യയെ റിപ്പബ്ലിക് ഓഫ് ഭാരത് എന്ന് പുനർനാമകരണം ചെയ്തേക്കുമെന്ന സൂചനകൾക്കിടെ കേന്ദ്ര നീക്കത്തെ ശക്തമായി വിമർശിച്ച് ആം ആദ്മി. രാജ്യം 140 കോടി ജനങ്ങളുടേതാണ്, ഒരു പാർട്ടിയുടേതല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതാണ് ബിജെപിയുടെ ഈ നീക്കത്തിന് കാരണം. സഖ്യത്തിന് ‘ഭാരത്’ എന്ന് പേരിട്ടാൽ രാജ്യത്തെ ‘ബിജെപി’ എന്ന് വിളിക്കുമോ എന്നും കെജ്രിവാൾ ചോദിച്ചു.

‘പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്ന് ഒരു സഖ്യമുണ്ടാക്കി ‘ഇന്ത്യ’ എന്ന് വിളിച്ചതുകൊണ്ട് മാത്രം കേന്ദ്രം രാജ്യത്തിന്റെ പേര് മാറ്റുമോ? രാജ്യം 140 കോടി ജനങ്ങളുടേതാണ്, ഒരു പാർട്ടിയുടേതല്ല. സഖ്യത്തിന്റെ പേര് നാളെ ഭാരത് എന്നാക്കിയാൽ അവർ രാജ്യത്തിൻ്റെ പേര് ബിജെപി എന്ന് മാറ്റുമോ?’ – വാർത്താസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സെപ്തംബര്‍ 9 ന് നടക്കുന്ന ജി20 അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവനില്‍ നിന്നും അയച്ച ക്ഷണത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *