തമിഴ്‌നാട്ടിലെ മുനിയപ്പൻ ക്ഷേത്രം പഴയ ബുദ്ധമതകേന്ദ്രം; പുരാവസ്‌തു വകുപ്പ് ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട്ടിലെ സേലത്തുള്ള തലൈവെട്ടി മുനിയപ്പൻ ക്ഷേത്രത്തിന്‍റെ നിയന്ത്രണമേറ്റെടുക്കാന്‍ തമിഴ്‌നാട് പുരാവസ്‌തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി. ബുദ്ധന്‍റെ രൂപം തലൈവെട്ടി മുനിയപ്പനായി ആരാധിക്കുന്ന ക്ഷേത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനാണ് തമിഴ്‌നാട് പുരാവസ്‌തു വകുപ്പിന് മദ്രാസ് ഹൈക്കോടതി ഉത്തരവ് നൽകിയത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ മുനിയപ്പൻ വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് വിദഗ്ധപരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിനെത്തുടർന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹിന്ദു ആചാരപ്രകാരമാണ് ഇവിടെ ഏറെക്കാലമായി പൂജകൾ എല്ലാം നടക്കുന്നത്. ഇവിടെ ആരാധിക്കുന്ന വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് കാണിച്ച് ബുദ്ധമത ട്രസ്റ്റ് ഭാരവാഹിയായ രംഗനാഥൻ കോടതിയെ സമീപിച്ചിരുന്നു. 2011 ലാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. തുടർന്ന് വിശദ പരിശോധന നടത്താൻ പുരാവസ്തുവകുപ്പിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. വിഗ്രഹത്തിന്റെ വിശദമായ പരിശോധനയിൽ ബുദ്ധപ്രതിമയുടെ ലക്ഷണങ്ങൾ തെളിഞ്ഞതായും മുനിയപ്പനായി ആരാധിച്ചത് ബുദ്ധപ്രതിമയെയായിരുന്നെന്നും വിദഗ്ധർ അറിയിച്ചു.
ക്ഷേത്രത്തിൽ ഇതുവരെ ആരാധിച്ച വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അവിടെ ഹിന്ദു ആചാരപ്രകാരം പൂജകൾ നടത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. അത് ബുദ്ധമതാചാരത്തിന് വിരുദ്ധമാണ് എന്നും ക്ഷേത്രത്തിന്റെ നിയന്ത്രണം ദേവസ്വം വകുപ്പിൽ നിന്ന് പുരാവസ്തുവകുപ്പ് ഏറ്റെടുക്കണം എന്നും കോടതി പറഞ്ഞു. സന്ദർശകരെ പ്രവേശിപ്പിക്കാമെങ്കിലും പൂജകൾ നടത്താൻ അനുവാദം ഇല്ലെന്നും ബുദ്ധപ്രതിമയാണെന്ന് വ്യക്തമാക്കി ബോർഡ് വെക്കാനും കോടതി നിർദേശം നൽകി.