Tuesday, January 7, 2025
National

കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12-16 ആഴ്ച വരെയാണ്. 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനായി കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇക്കാര്യത്തിൽ കൂടുതൽ വിശകലനങ്ങൾ നടത്തിയ ശേഷം ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ 14 മുതല്‍ 30 ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ (എന്‍.ടി.എ.ജി.ഐ.) അറിയിച്ചു. അടുത്തയാഴ്ചയാണ് എന്‍.ടി.എ.ജി.ഐ. യോഗം ചേരാനിരിക്കുന്നത്.

വ്യത്യസ്ത മേഖലകളില്‍നിന്നുള്ള വ്യത്യസ്ത പ്രായത്തില്‍പ്പെട്ടവരില്‍, വാക്‌സിനുകളുടെ ഫലത്തെയും ഡോസുകള്‍ തമ്മിലുള്ള ഇടവേളയെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് എന്‍.ടി.എ.ജി.ഐ. ചെയര്‍പേഴ്‌സണ്‍ ഡോ. എന്‍.കെ. അറോറ പറഞ്ഞു. 45നും അതിനു മുകളിലും പ്രായമുള്ളവരുടെ കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നതിനെ കുറിച്ചുള്ള തീരുമാനം രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കൈക്കൊണ്ടേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഷീല്‍ഡിന്റെ ഒരു ഡോസിനു പോലും മികച്ച പ്രതിരോധശേഷിയുണ്ടെന്ന്  പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ ആരംഭിച്ച സമയത്ത്, കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള നാല് ആഴ്ചയായിരുന്നു. പിന്നീട് അത് 4-8 ആഴ്ചയായി. തുടര്‍ന്ന് 12-14 ആഴ്ചയായും ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *