ലോക്ഡൗൺ കണക്കിലെടുത്ത് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി. ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ഒരു വര്‍ഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി നീട്ടി നൽകാൻ തീരുമാനമായത്.
ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇനിയും ഒരു ലക്ഷത്തോളം വാഹന ഉടമകള്‍ നികുതി അടയ്ക്കാനുണ്ട്. നിശ്ചിത സമയത്ത് നികുതി അടയ്ക്കാന്‍ കഴിയാതിരുന്ന ചരക്ക് വാഹന ഉടമകള്‍ക്ക് അധിക നികുതി അടയ്‌ക്കേണ്ടി വരുന്ന ബാധ്യതയുണ്ട്. ഈ തീരുമാനം അതും ഇല്ലാതാക്കുമെന്നും മന്ത്രി പറയുന്നു.
അതേസമയം, സംസ്ഥാനത്തെ കോവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം ജനങ്ങൾക്ക് ഉപകാരത്തേക്കാൾ ഉപദ്രവമാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. കൃത്യമായി വാക്‌സിനേഷൻ നടപടി ആരംഭിക്കാതെ എങ്ങനെയാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മൂലമുള്ള ഇളവുകൾ പ്രഖ്യാപിക്കുക എന്നതാണ് ജനങ്ങൾ ചോദിക്കുന്നത്. വാക്‌സിൻ ലഭ്യമായാലല്ലേ വാക്‌സിൻ എടുക്കാൻ തയ്യാറാകാനും കഴിയൂ എന്നും വിമർശനം ഉയരുന്നുണ്ട്.