രമേഷ് പിഷാരടിയും ഇടവേള ബാബുവും കോൺഗ്രസിലേക്ക്
നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്ന വാര്‍ത്തകള്‍ വരവേയാണ് രമേഷ് പിഷാരടിയുടേയും ഇടവേള ബാബുവിന്റേയും കോണ്‍ഗ്രസ് പ്രവേശനം.
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ സ്വീകരണ കേന്ദ്രത്തില്‍ രമേഷ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസ് പ്രവേശനം നേടിയേക്കും. നേരത്തെ മേജര്‍ രവിയും എശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു. താന്‍ നേരത്തേ കോണ്‍ഗ്രസുകാരന്‍ ആയിരുന്നെന്ന് ഇടവേള ബാബു പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തനത്തിലൂടെയാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. പുതുതായി കോണ്‍ഗ്രസിലേക്ക് വരുന്നത് അല്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.
സിനിമാ മേഖലയില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും ഉള്ളവരെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ കഴിയണമെന്ന് നേരത്തെ നേതാക്കള്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി സജീവ നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നടത്തുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബാലുശേരി മണ്ഡലത്തിലേക്കാണ് യുഡിഎഫ് പരിഗണിക്കുന്നത്. വൈപ്പിന്‍ മണ്ഡലത്തിലും ധര്‍മ്മജന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്.
രമേഷ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. ഏത് മണ്ഡലത്തിലും വിശ്വാസപൂര്‍വം നിര്‍ത്താന്‍ സാധിക്കുന്ന, സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിയാണ് പിഷാരടി. അദ്ദേഹം മത്സരിക്കുമോ ഇല്ലയോ എന്നത് നേതാക്കള്‍ തീരുമാനിക്കേണ്ട കാര്യമാണ്. മത്സരിക്കുന്നില്ലെങ്കില്‍ അദ്ദേഹം മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പാണ്. വളരെ ആലോചിച്ചും ബുദ്ധിപൂര്‍വം തീരുമാനമെടുക്കുന്ന വ്യക്തി കൂടിയാണ് പിഷാരടിയെന്നും ധര്‍മ്മജന്‍ പറഞ്ഞു.