Monday, January 6, 2025
National

മുംബൈയില്‍ പിഞ്ചുകുഞ്ഞിനെ കാറില്‍ നിന്ന് വലിച്ചെറിഞ്ഞു കൊന്നു; അമ്മയെ ബലാത്സംഗം ചെയ്തു

മുംബൈ അഹമ്മദാബാദ് ഹൈവേയില്‍ പിഞ്ചുകുഞ്ഞിനെ കാറില്‍ നിന്ന് വലിച്ചെറിഞ്ഞ് അമ്മയെ ബലാത്സംഗം ചെയ്തു. കുഞ്ഞ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലാണ് സംഭവം. കാര്‍ ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പത്ത് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഐപിസി സെക്ഷന്‍ 304, 354 എന്നീ വകുപ്പുകള്‍ പ്രകാരം മാണ്ഡ്വി പൊലീസ് കേസെടുത്തു. വിജയ് കുശ് വാല എന്നയാളും മറ്റ് നാല് പേരുമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

പെല്ഹാറില്‍ നിന്ന് പോഷറെയിലേക്ക് പോകാനാണ് യുവതി കുഞ്ഞുമൊത്ത് കാറില്‍ കയറിയത്. ടാക്‌സി കാറില്‍ യാത്ര ചെയ്യാന്‍ അപരിചിതരായ നാല് പേര്‍ കൂടിയുണ്ടായിരുന്നു. ഇവരും ഡ്രൈവറും ചേര്‍ന്നാണ് യുവതിയെ ഉപദ്രവിച്ചത്.

തന്നോട് മോശമായി പെരുമാറാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞെന്നും അപ്പോഴാണ് കുഞ്ഞിനെ എടുത്ത് കാറില്‍ നിന്ന് വലിച്ചെറിഞ്ഞതെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍ കാറിന്റെ വേഗത കൂട്ടിയെന്നും ബലാത്സംഗം ചെയ്‌തെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. പീഡനശേഷം യുവതിയെ കാറില്‍ നിന്ന് പ്രതികള്‍ തള്ളിയിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *