Saturday, April 12, 2025
National

ദില്ലി – ദുബൈ സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ ഇറക്കിയ സംഭവം: ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു

ദില്ലി: സ്പൈസ് ജെറ്റിന്റെ ദില്ലിയിൽ നിന്നും ദുബായിലേക്ക് പോയ വിമാനം പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയ സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് രാവിലെ ദുബൈയിലേക്ക് പറന്നുയർന്ന വിമാനം യാത്രക്കിടെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഇന്റിക്കേറ്റർ ലൈറ്റിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം പാക്കിസ്ഥാനിൽ അടിയന്തിരമായി ഇറക്കിയതെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം.

എമർജൻസി ലാന്റിങായിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്റിങായിരുന്നുവെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. തകരാർ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു വിമാനം കറാച്ചിയിലേക്ക് അയച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു. കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ കറാച്ചി വിമാനത്താവളത്തിലെ ട്രാൻസിറ്റ് ലോഞ്ചിലേക്ക് മാറ്റിയിരുന്നു. വിമാനത്തിന്റെ തകരാറ് എഞ്ചിനീയർമാർ പരിശോധിക്കുകയാണെന്നാണ് വിവരം. എഞ്ചിനീയർമാർ പരിശോധിച്ച് ക്ലിയറൻസ് നൽകിയ ശേഷം മാത്രമേ ഈ വിമാനം ഇനി കറാച്ചിയിൽ നിന്ന് ദുബൈക്ക് പറക്കുകയുള്ളൂ. അല്ലെങ്കിൽ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര ഉറപ്പാക്കേണ്ടി വരും. 

Leave a Reply

Your email address will not be published. Required fields are marked *