Saturday, October 19, 2024
National

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം; പ്രതിപക്ഷ പാർട്ടികളുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസും എഎപിയും ഉൾപ്പെടെ 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ വേട്ടയാടുകയാണെന്നാണ് ഹർജിയിലെ ആരോപണം.

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധിക്ക് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാരിനെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്‌താൽ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് ഹർജിയിലെ ആരോപണം. മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് തൊട്ടുമുമ്പുള്ള വർഷം (2013-14) എഎംഎൽ കേസുകളുടെ എണ്ണം 209 ആയിരുന്നു. 2020-21ൽ ഇത് 981 ആയും 2021-22ൽ 1180 ആയും ഉയർന്നു.

മോദി അധികാരത്തിൽ വന്ന ശേഷം ആകെയുള്ള കേസുകളിൽ 95% പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നും ഇതേ രീതിയിൽ തന്നെയാണ് പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡി കേസുകളിലെ വർധനയെന്നും ആരോപിക്കുന്നു. ഇ.ഡിയെയും സി.ബി.ഐയെയും കേന്ദ്രസർക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന വികാരമാണ്, രാജ്യത്തെ 42 ശതമാനം വോട്ടുകൾ നേടിയ പ്രതിപക്ഷ പാർട്ടികൾക്കുളളതെന്നും ഹർജിയിൽ ഉന്നയിക്കുന്നു.

ഇഡി, സിബിഐ കേസുകളിൽ അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവ സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. റിമാൻഡിനും അറസ്റ്റിനും മുൻപ്, ഗുരുതര കുറ്റമല്ലെങ്കിൽ ത്രിതല പരിശോധന ആവശ്യമാണ്. പ്രതി സ്ഥലം വിടാനുള്ള സാധ്യത, മതിയായ ന്യായമുണ്ടോ, സാക്ഷികളെ സ്വാധീനിക്കുമോ എന്നിങ്ങനെ ത്രിതല സാഹചര്യമാണ് പരിശോധിക്കേണ്ടതെന്നും ഹർജിയിലുണ്ട്. ഇതല്ലെങ്കിൽ നിശ്ചിത സമയങ്ങളിൽ മാത്രം ചോദ്യം ചെയ്യൽ, അറസ്റ്റ് ചെയ്യാതെ വീട്ടുതടങ്കൽ വച്ചു ചോദ്യം ചെയ്യൽ തുടങ്ങിയ നിർദേശങ്ങളും പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്നു.

Leave a Reply

Your email address will not be published.