കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ
കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് കത്ത്.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ആർ.ജെ.ഡിയുടെ തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, എൻ.സി.പിയുടെ ശരത് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങൾ അംഗീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് കത്തെഴുതുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. രാജ്യത്തിന്റെ യാത്ര ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കാണെന്ന ആശങ്ക ഉയർത്തുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കൃത്യമായ തെളിവുകളില്ലാതെയാണ് ഡൽഹി ആപ് എം.എൽ.എ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. എന്നാൽ, പ്രതിപക്ഷത്ത് നിന്ന് ബി.ജെ.പി പാളയത്തിലെത്തിയവരുടെ കേസുകളിൽ കേന്ദ്രസർക്കാർ മെല്ലേപ്പോക്ക് തുടരുകയാണ്.
2014ലും 2015ലും ഇ.ഡി, സി.ബി.ഐ അന്വേഷണം നേരിട്ട ഹിമന്ത ബിശ്വ ശർമ്മ. ശാരദ ചിട്ടിതട്ടിപ്പിൽ പ്രതികളായ സുവേന്ദു അധികാരി, മുകുൾ റോയ് എന്നിവർക്കെതിരെയുള്ള കേസുകളിൽ ഇവർ ബി.ജെ.പിയിൽ എത്തിയതോടെ കാര്യമായ നടപടിയുണ്ടായില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ ലാലു പ്രസാദ് യാദവ്, സഞ്ജയ് റാവത്ത്, അസംഖാൻ, നവാബ് മാലിക്, അനിൽ ദേശ്മുഖ് തുടങ്ങിയ നേതാക്കളെല്ലാം വേട്ടയാടപ്പെടുകയാണെന്നും കത്തിൽ പറയുന്നു.