നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
ചെങ്ങന്നൂരില്‍ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയെ ഉപേക്ഷിച്ചതിന് സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രസവത്തെ തുടർന്നുള്ള അമിതസ്രാവം മൂലം യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും.
ഇന്നലെ യുവതിയും അമ്മയും സംഭവത്തിൽ വ്യക്തതയില്ലാത്ത മറുപടിയാണ് പൊലീസിന് നൽകിയത്. അതേസമയം കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സയിലാണ്. അതിതീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മാസം തികയാതെയാണ് കുട്ടി ജനിച്ചത്.
ആലപ്പുഴ ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പൊലീസാണ് രക്ഷകനായത്. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.