‘രാഹുലിൻ്റെ വ്യക്തിപരമായ പോരാട്ടം ജനാധിപത്യത്തിനായുള്ള പോരാട്ടമാക്കി’; ജ്യോതിരാദിത്യ സിന്ധ്യ
രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ കടുത്ത രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാഹുൽ ഗാന്ധിയും കോൺഗ്രസും തങ്ങളുടെ വ്യക്തിപരമായ പോരാട്ടം ജനാധിപത്യത്തിനായുള്ള പോരാട്ടമാക്കി മാറ്റിയിരിക്കുകയാണെന്ന് വിമർശനം. പാർട്ടി അനുദിനം അധഃപതിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
പാർലമെന്റ് അംഗത്വത്തിൽ നിന്ന് ഒരാളെ അയോഗ്യനാക്കുന്നത് ഇതാദ്യമല്ലെന്നും എന്നാൽ അയോഗ്യതയെച്ചൊല്ലി ഇപ്പോൾ ഉയരുന്ന മുറവിളി ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു പ്രത്യേക പരിഗണനയാണ് കോൺഗ്രസ് രാഹുൽ ഗാന്ധിക്ക് നൽകുന്നത്. രാജ്യത്ത് സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും നഗരങ്ങളിൽ പൊതുഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത്, കോൺഗ്രസ് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നത് ഗാന്ധിസത്തിന്റെ തത്വമാണോ? പാർട്ടി ജുഡീഷ്യറിയിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും തങ്ങളുടെ പ്രസക്തി നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുകയാണെന്നും സിന്ധ്യ കുറ്റപ്പെടുത്തി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ചിലർ ഒന്നാംതരം പൗരന്മാരാണെന്നും ബാക്കിയുള്ളവർ മൂന്നാംതരം പൗരന്മാരുമാണ്. പിന്നാക്ക വിഭാഗങ്ങളെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന കോൺഗ്രസ്, സൈനികരെ തല്ലിച്ചതച്ചതുപോലെയുള്ള പ്രസ്താവനകളാണ് നടത്തുന്നത്. ഈ പാർട്ടിക്ക് ഒരു പ്രത്യയശാസ്ത്രവും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.