Sunday, April 13, 2025
National

മോദിയുടെ ജനപ്രീതിയിൽ കുറവില്ല, കേരളത്തിൽ സുരേഷ് ഗോപി ജനപ്രിയ നേതാവ്’; ബിജെപി സർവേ റിപ്പോർട്ട് പുറത്ത്

ദില്ലി: ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നേതാക്കളുടെ ജനപ്രീതിയില്‍ കാര്യമായ കുറവെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍ കുറവുണ്ടായിട്ടില്ല. കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാണെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ സർവേയിലെ കണ്ടെത്തൽ.

വൈകാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സർവേ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തു വന്നത്. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പ്രധാന നേതാക്കൾക്കൊന്നും 25 ശതമാനത്തിലധികം ജനപ്രീതിയില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കാര്യമായി വർദ്ധിച്ചു. സംസ്ഥാന നേതാക്കളേക്കാൾ ജനപ്രീതി പലയിടങ്ങളിലും നരേന്ദ്ര മോദിക്കുണ്ട്. 

കേരളത്തില്‍ ഏറ്റവും ജനപ്രീതി നടന്‍ സുരേഷ് ഗോപിക്കാണ്. തെലങ്കാനയില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനേക്കാൾ ജനപ്രീതി മോദിക്കുണ്ട്… ഇങ്ങനെയാണ് സർവേയിലെ കണ്ടെത്തലുകൾ. ഈ സാഹചര്യത്തില്‍ പ്രാദേശിക നേതാക്കളേക്കാൾ നരേന്ദ്രമോദിയുടെ പ്രതിച്ഛായ തന്നെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പുകളെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം സർവേ സംബന്ധിച്ച റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വർഷം അവസാനമാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാന്‍ , കർണാടക തെലങ്കാന അടക്കം 6 സംസ്ഥാനങ്ങളില്‍ അടുത്ത വർഷം ആദ്യവും തെര‍ഞ്ഞെടുപ്പ് നടക്കും. 
 

Leave a Reply

Your email address will not be published. Required fields are marked *