തൃപുരയില്‍ നാടകീയ നീക്കങ്ങള്‍; മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും
ത്രിപുരയില്‍ മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മണിക് സാഹക്ക് അനുകൂലമാണെന്നാണ് സൂചന. ത്രിപുര ബിജെപിയില്‍ നേതാക്കള്‍ക്ക് കുറവില്ലെന്നും മുഖ്യമന്ത്രിയെ നിയമസഭകക്ഷി യോഗത്തില്‍ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീബ് ഭട്ടാചാര്‍ജി പറഞ്ഞു. തെരെഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷ സാഹചര്യം മുഖ്യമന്ത്രി ഉന്നത തല യോഗം ചേര്‍ന്നു വിലയിരുത്തി.
സംസ്ഥാനത്തെ എംഎല്‍എമാരില്‍ ഒരു വിഭാഗത്തിനു കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനെ മുഖ്യമന്ത്രി ആക്കുന്നതിനോടാണ് താത്പര്യം.മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പിന്തുണയും ഈ വിഭാഗത്തിനുണ്ട്. എന്നാല്‍ സംസ്ഥാന പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളടക്കം പരിഗണിച്ച പാര്‍ട്ടി കേന്ദ്രനേതൃത്വം മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനിച്ചതായാണ് വിവരം.
ഹിമന്ത ബിശ്വ ശര്‍മയുടെ നിലപാടും മണിക് സാഹക്ക് അനുകൂലമെന്നാണ് സൂചന.മണിക് സാഹയെ പിന്തുണക്കുന്ന നേതാക്കള്‍ ഹിമന്തയുമായി ആശയ വിനിമയം നടത്തിയിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനകം നിയമസഭ കക്ഷി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീബ് ഭട്ടാചാര്‍ജി പറഞ്ഞു.ത്രിപുര ബിജെപിയില്‍ നേതാക്കള്‍ക്ക് കുറവില്ലെന്ന്, കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുള്‍പ്പെടെ പങ്കെടുത്ത ഉന്നത തല യോഗത്തില്‍ മണിക് സാഹ വിലയിരുത്തി. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പൊലീസ് സമാധാനയോഗങ്ങള്‍ വിളിച്ചെങ്കിലും, സിപിഐഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങള്‍ക്ക് അയവ് വന്നിട്ടില്ല.