പ്രിയങ്കയും വേണുഗോപാലുമടക്കം ദേശീയ സമിതിയില്‍ തുടര്‍ന്നേക്കും; പാര്‍ലമെന്ററി നേതൃസ്ഥാനങ്ങളിലെ പുനഃസംഘടനയും ഉടന്‍
കോണ്‍ഗ്രസ് ദേശീയ സമിതിയില്‍ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും തുടരുമെന്ന് സൂചന. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ജയറാം രമേശ്, അജയ് മാക്കാന്‍, രണ്‍ ദീപ് സിംഗ് സുര്‍ജ്ജേവാല മുതലായവരാകും പുതിയ ദേശീയ സമിതിയിലും തുടരുക. സച്ചിന്‍ പൈലറ്റ് , ഗൌരവ് ഗഗോയ് എന്നിവരും ദേശീയ നേത്യത്വത്തിന്റെ ഭാഗമാകും.
കോണ്‍ഗ്രസ് പാര്‍ലമെന്ററി നേത്യസ്ഥാനങ്ങളിലെ പുന:സംഘടനയും ഉടനുണ്ടായേക്കും. രാജ്യസഭയില്‍ മുകള്‍ വാസ്‌നിക്ക്, പി.ചിദംബരം തുടങ്ങിയ പേരുകള്‍ പരിഗണനയിലുണ്ട്. ലോകസഭയില്‍ മനീഷ് തിവാരി സഭാ നേതാവായ് പരിഗണിയ്ക്കപ്പെടും.
അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഖര്‍ഗെയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ തന്നെ കൂടി പരിഗണിക്കണം എന്നാണ് ശശി തരൂരിന്റെ നിലപാട്. വര്‍ക്കിംഗ് പ്രസിഡന്റ് പദവിയോ വൈസ് പ്രസിഡന്റ് പദവിയോ തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം രാഹുലിനേയും സോണിയയേയും തരൂര്‍ അറിയിച്ചേക്കും.