Sunday, January 5, 2025
Kerala

ഗവര്‍ണര്‍ക്കെതിരായ സര്‍ക്കാര്‍ തുടര്‍ നീക്കങ്ങള്‍ക്കിടയില്‍ നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കും. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ട് വരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും.

ഡിസംബര്‍ ആദ്യവാരം മുതല്‍ 15 വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് ആലോചന. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ബില്ലാക്കുകയാണ് സഭസമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. മില്‍മ പാലിന്റെ വില വര്‍ധനവ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെങ്കിലും ഇന്നത്തെ മന്ത്രിസഭയോഗം അത് പരിഗണിച്ചേക്കില്ല.

നിയമസഭാ സമ്മേളനം ഡിസംബറില്‍ താത്ക്കാലികമായി പിരിഞ്ഞ് ജനുവരിയില്‍ പുനരാരംഭിക്കാന്‍ പരിഗണിക്കുന്നുണ്ട്. വര്‍ഷാരംഭത്തില്‍ ചേരുന്ന നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്നതാണ് കീഴ്വഴക്കം. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന സഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ സൃഷ്ടിച്ച പ്രതിസന്ധി സര്‍ക്കാരിനും സിപിഐഎമ്മിനും വലിയ തലവേദനയാണുണ്ടാക്കിയത്. മന്ത്രിമാരുടെ പെന്‍നും പേഴ്സണല്‍ സ്റ്റാഫ് നിയമനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്ന് ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടിയത്. ഇത് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞ ശേഷമാണ് ഗവര്‍ണര്‍ വഴങ്ങിയത്. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *