Friday, January 10, 2025
National

ഹൈദരാബാദിൽ ഭീകരാക്രമണം നടത്താൻ പാക്ക് ഗൂഢാലോചന; എൻഐഎ

ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പാകിസ്താൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. പാകിസ്താൻ്റെ ഇന്റർ സർവീസസ് ഇന്റലിജൻസും ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയും ചേർന്നാണ് ഹൈദരാബാദിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതെന്ന് ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. ഭീകരാക്രമണം ആസൂത്രണം ചെയ്ത മൂന്ന് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു.

പാകിസ്താൻ തങ്ങളുടെ അനുഭാവികൾക്ക് ഹാൻഡ് ഗ്രനേഡുകൾ ലഭ്യമാക്കുകയും അവരുമായി ചേർന്ന് ഹൈദരാബാദിൽ ആക്രമണങ്ങളും സ്‌ഫോടനങ്ങളും നടത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് എൻഐഎ പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ സ്‌ഫോടനം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം. മുഹമ്മദ് സാഹിദ്, മേജർ ഹസൻ ഫാറൂഖ്, സമിയുദ്ദീൻ എന്നീ മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒകക്ടോബറിലായിരുന്നു അറസ്റ്റ്.

യുഎപിഎ പ്രകാരമാണ് മൂവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊതുജനങ്ങളുടെ മനസ്സിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ സാഹിദ് തന്റെ കൂട്ടാളികളുമായി ചേർന്ന് ഗൂഢാലോചന നടത്തി. പാക്ക് ആസ്ഥാനമായുള്ള ഭീകര സംഘടനയുടെ നിർദേശപ്രകാരമാണ് സാഹിദ് ഇതെല്ലാം ചെയ്തത്. കൂടാതെ പൊതുയോഗങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും സ്‌ഫോടനം നടത്താൻ സാഹിദിന് ഗ്രനേഡുകൾ ലഭിച്ചതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *