Friday, January 10, 2025
National

‘സമാധാനത്തിൻ്റെ യഥാർത്ഥ ശക്തി’, പർവേസ് മുഷറഫിന്റെ മരണത്തിൽ തരൂർ, വിമർശിച്ച് ബിജെപി

പാക്ക് മുൻ പ്രസിഡന്റ് ജനറൽ (റിട്ട) പർവേസ് മുഷറഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഒരിക്കൽ ഇന്ത്യയുടെ അചഞ്ചല ശത്രുവായിരുന്നു മുഷറഫ്. എന്നാൽ അതേ മുഷറഫ് 2002-2007 കാലഘട്ടത്തിൽ സമാധാനത്തിനുള്ള ഒരു യഥാർത്ഥ ശക്തിയായി ഉയർന്നുവന്നു എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിനെതിരെ ബിജെപി രംഗത്തെത്തി.

തരൂരിന്റെ ട്വീറ്റിനെതിരെ ബിജെപി വക്താവ് ഷഹ്‌സാദ് പൂനവല്ല രൂക്ഷ വിമർശനം ഉന്നയിച്ചു. തരൂരും കോൺഗ്രസും പാക് അഭ്യുദയകാംക്ഷികളാണെന്ന് പൂനവല്ല വിശേഷിപ്പിച്ചു. പർവേസ് മുഷറഫ് കാർഗിൽ യുദ്ധത്തിന്റെ ശില്പിയും സ്വേച്ഛാധിപതിയും ഹീനമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്നും ഷഹ്സാദ് പൂനവല്ല ട്വീറ്റ് ചെയ്തു.

താലിബാനെയും ഒസാമയെയും അദ്ദേഹം സഹോദരന്മാരായും വീരന്മാരായും കണക്കാക്കി. മരിച്ച സ്വന്തം സൈനികരുടെ മൃതദേഹം തിരികെ വാങ്ങാൻ വിസമ്മതിച്ചവരെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ഒരു കാലത്ത് രാഹുൽ ഗാന്ധിയെ മാന്യനെന്ന് മുഷറഫ് പുകഴ്ത്തിയിരുന്നു, ഒരുപക്ഷേ ഈ മുഷറഫ് കോൺഗ്രസിന് പ്രിയപ്പെട്ടവനാണെന്ന് ഷഹ്‌സാദ് പൂനവല്ല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *