Monday, April 14, 2025
National

ഇംഗ്ലീഷ് ചാനല്‍ വഴി ബ്രിട്ടണിലേക്കുള്ള അനധികൃത കുടിയേറ്റക്കാരില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യ

ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടണിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ചെറുബോട്ടുകളിലൂടെയാണ് അനധികൃതമായി ഇന്ത്യന്‍ വംശജര്‍ യുകെയിലേക്ക് കടല്‍ കടക്കുന്നത്. യുകെ മാധ്യമമായ ദി ടൈംസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ പഠിക്കാനും കുറഞ്ഞ ഫീസ് നല്‍കാനും അനുവദിക്കുന്ന നിയമത്തിലെ പഴുതുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം ജനുവരിയില്‍, ഏകദേശം 250 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് ചാനല്‍ വഴി യുകെയില്‍ പ്രവേശിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇങ്ങനെ എത്തിയത് 233 പേരായിരുന്നു. ഈ വര്‍ഷം ഇത്തരത്തില്‍ കുടിയേറിയ 1,180 പേരില്‍ അഞ്ചിലൊന്ന് ഇന്ത്യക്കാരാണ്. അഫ്ഗാനികളാണ് ഏറ്റവും കൂടുതല്‍, തൊട്ടുപിന്നില്‍ സിറിയക്കാരും.

ഇന്ത്യക്കാര്‍ക്കുള്ള സെര്‍ബിയയുടെ വിസയില്ലാത്ത യാത്രാ നിയമങ്ങളും ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ 30 ദിവസം വരെ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് സെര്‍ബിയയില്‍ പ്രവേശിക്കാമായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ വിസ നയങ്ങളുമായി ചേരാനുള്ള സെര്‍ബിയയുടെ ശ്രമങ്ങളുടെ ഭാഗമായി 2023 ജനുവരി 1നാണ് ഇത് നിര്‍ത്തലാക്കിയത്. ഇതോടെ ചെറുബോട്ടുകള്‍ വഴിയുള്ള കുടിയേറ്റവും വര്‍ധിച്ചു.

എന്നാല്‍ 2022ലെ ആദ്യ ആറുമാസത്തെ കണക്കനുസരിച്ച് ഇംഗ്ലീഷ് ചാനല്‍ വഴിയുള്ള കുടിയേറ്റക്കാരില്‍ മൂന്ന് രാജ്യങ്ങളായിരുന്നു മുന്നില്‍. 18 ശതമാനം പേര്‍ അല്‍ബേനിയയില്‍ നിന്നും 18 ശതമാനം പേര്‍ അഫ്ഗാനില്‍ നിന്നും 15 ശതമാനം പേര്‍ ഇറാനില്‍ നിന്നുമാണ് കുടിയേറിയതെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടിയുള്ള ഈ യാത്രയെ സാമ്പത്തിക കുടിയേറ്റമെന്ന് വിളിക്കാം.

2017 മുതല്‍ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കുടിയേറ്റക്കാരാണ് ബാല്‍ക്കണ്‍ റൂട്ട് മാര്‍ഗം കൃത്യമായ രേഖകളില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. വിസ ആവശ്യമില്ലാതെ ഇന്ത്യക്കാരെ പ്രവേശിക്കാന്‍ അനുവദിച്ച യൂറോപ്പിലെ ഏക രാജ്യം സെര്‍ബിയയാണ്.

യുകെയില്‍ വിസ കാലാവധി കഴിഞ്ഞ് പുറത്തുപോകേണ്ടി വരുന്ന കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പൗരന്മാരാണ്. യുകെ ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് 2020ല്‍ 20,706 ഇന്ത്യക്കാരാണ് പെര്‍മിറ്റ് വിസയില്‍ കഴിഞ്ഞതെന്ന് യുകെ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അനധികൃതമായി യുകെയിലെത്തുന്ന ഇന്ത്യക്കാരെ നാടുകടത്താനും ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ സഹകരണം ഉറപ്പാക്കാനും ഇന്ത്യ-ബ്രിട്ടണ്‍ മൈഗ്രേഷന്‍ ഡീല്‍ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതിനാല്‍, ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇളവുകള്‍ നല്‍കില്ലെന്ന ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്റെ പ്രസ്താവന, ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന വ്യാപാര കരാറിലും കാര്യമായ സ്വാധീനം ചെലുത്തും. ബ്രാവര്‍മാനും ഇന്ത്യന്‍ വംശജനാണ്. പക്ഷേ ശക്തമായ കുടിയേറ്റ വിരുദ്ധനും. അതേസമയം ബ്രിട്ടണിലേക്കുള്ള ഈ അനധികൃത കുടിയേറ്റം പരിഹരിക്കുകയെന്നത് ആ,miദ്യമേ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മുഖ്യപരിഗണനകളില്‍ ഒന്നായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *