Saturday, October 19, 2024
National

രണ്ടാഴ്ചക്കുള്ളിൽ 2258 പേർ അറസ്റ്റിൽ; ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം

ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി കടുപ്പിച്ച് അസം സർക്കാർ. സംസ്ഥാനത്ത് 4074 കേസുകളിൽ ഇതുവരെ 2258 പേർ അറസ്റ്റിലായി. രണ്ടാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്ത ശൈശവ വിവാഹ കേസുകളിലാണ് പൊലീസ് ഇത്രയധികം അറസ്റ്റുകൾ രജിസ്റ്റർ ചെയ്തത്. 14 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷൻമാർക്കെതിരെ പോക്‌സോ നിയമപ്രകാരവും 14-18 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷൻമാർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യാനാണ് അസം സർക്കാരിന്റെ തീരുമാനം.

എന്നാൽ സർക്കാരിന്റെ കൂട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. അറസ്റ്റുകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ശൈശവ വിവാഹത്തിനെതിരായ നടപടി മതേതരമായിരിക്കുമെന്നും ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവർത്തിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പറഞ്ഞു.

ധുബ്രി ജില്ലയിലെ തമർഹട്ടിൽ, ശൈശവ വിവാഹത്തിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 200ലധികം സ്ത്രീകൾ പൊലീസ് സ്റ്റേഷൻ വളയുകയും ഹൈവേ ഉപരോധിക്കുകയും ചെയ്തു.കേസിൽ പിതാവ് അറസ്റ്റിലാകുമെന്ന് ഭയത്തിൽ ഒരു യുവതി ആത്മഹത്യ ചെയ്തു. എന്നാൽ പ്രതിഷേധങ്ങൾക്കിടയിൽ നടപടി തുടരാനാണ് സർക്കാർ തീരുമാനം.

Leave a Reply

Your email address will not be published.