Tuesday, January 7, 2025
National

ജീവനില്‍ ഭയം, ഭീഷണി; ഹാത്രാസില്‍ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം ഭയത്തോടെയാണ് ഇവിടെ താമസിക്കുന്നതെന്നും അതുകൊണ്ട് ഈ ഗ്രാമം വിട്ട് മറ്റെവിടേക്കെങ്കിലും പോകുകയാണെന്നും കുടുംബം അറിയിച്ചു

കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങള്‍ ഗ്രാമത്തില്‍ ഭയത്തോടെയാണ് താമസിക്കുന്നതെന്ന് അവര്‍ പറയുന്നു. ദുരന്തത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് ആരും തന്നെ തങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു.

‘ജീവിക്കാന്‍ ഒരു വഴിയും ഇപ്പോള്‍ ഞങ്ങള്‍ക്ക് മുമ്പിലില്ല. ഈ സാഹചര്യത്തെ ഞങ്ങള്‍ ഏറെ ഭയപ്പെടുന്നുണ്ട്. ഏതെങ്കിലും ബന്ധുവീട്ടിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കഠിനാധ്വാനം ചെയ്താണ് ഞങ്ങള്‍ ഇവിടെ ജീവിച്ചുപോന്നത്. എവിടെ പോയാലും ഞങ്ങള്‍ അത് തുടരും.’, പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

സ്ഥിതി വളരെ മോശമാണ്. ഞങ്ങളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എന്റെ ഇളയ സഹോദരന് ജീവന് ഭീഷണിയുണ്ട്.’, പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു. തങ്ങളുടെ അവസ്ഥ മനസിലാക്കാനോ, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അറിയാനോ ആരും വന്നില്ലെന്നും സഹോദരന്‍ പറയുന്നു.

യു.പിയിലെ ഹാത്രാസില്‍ സെപ്തംബര്‍ 14-നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 29-ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

അതേസമയം, ഹാത്രാസ് കേസില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യു.പി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്

 

 

Leave a Reply

Your email address will not be published. Required fields are marked *