Tuesday, April 15, 2025
National

ആഴക്കടൽ മത്സ്യബന്ധനം; കേരളത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്രം

ആഴക്കടൽ മത്സ്യബന്ധനത്തിൽ കേരളത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്രം. മത്സ്യസംസ്‌കരണത്തിനുകൂടി സൗകര്യമുള്ള രണ്ട് കപ്പലുകൾ വാങ്ങാനാണ് സഹായം. ഇതിനായി പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ സഹകരണ വകുപ്പിന്റെ കൂടി ചുമതലയുള്ള കേന്ദ്രമന്ത്രി അമിത്ഷാ മത്സ്യഫെഡിന് നിർദ്ദേശം നൽകി.

മത്സ്യഫെഡിന് കീഴിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന വലനിർമാണ ഫാക്ടറി സന്ദർശിക്കവേയാണ് അമിത്ഷാ ചില പദ്ധതി നിർദേശങ്ങൾ നൽകിയാൽ സഹായം അനുവദിക്കാമെന്ന് ഉറപ്പുനൽകിയത്. മത്സ്യസംസ്‌കരണത്തിന് കൂടി സൗകര്യമുള്ള രണ്ട് കപ്പലുകൾ വാങ്ങാനുള്ള പദ്ധതി സമർപ്പിക്കാനാണ് നിർദ്ദേശം. പ്രധാൻമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഒന്നരക്കോടി വിലവരുന്ന പത്ത് മത്സ്യബന്ധന കപ്പലുകൾക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നു.

അതേസമയം മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായവും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിന് എൻസിഡിസി അനുവദിക്കുന്ന വായ്പയുടെ പലിശ കുറയ്ക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. മത്സ്യഫെഡ് ഫാമുകളിൽ ടൂറിസം വികസനത്തിനുള്ള പദ്ധതിക്കും സഹായം നൽകുമെന്ന് അമിത്ഷാ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *