Monday, January 6, 2025
National

മഴക്കെടുതി: കേരളത്തിന് ഒരുകോടി സഹായം പ്രഖ്യാപിച്ച് സ്റ്റാലിന്‍

ചെന്നൈ: മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന് സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേരളത്തിന് ഡിഎംകെ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്ന് ഒരുകോടി രൂപ നല്‍കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാമെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. അവരുടെ ദുരിതങ്ങളില്‍ ആശ്വാസമായി ഡിഎംകെ ചാരിറ്റബിള്‍ ഫണ്ടില്‍നിന്ന് ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നു. നമുക്ക് ഈ മാനുഷികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം- സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ലാമ ധനസഹായം പ്രഖ്യാപിച്ചത്.

കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തില്‍ ദലൈലാമ ദു:ഖം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *