ആഴക്കടൽ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞത് ജാക്‌സൺ പൊള്ളയിൽ എന്ന് ചെന്നിത്തല
മത്സ്യത്തൊഴിലാളി യൂനിയൻ ജാക്‌സൺ പൊള്ളയിലാണ് ആഴക്കടൽ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളുടെ 5000 കോടിയുടെ കരാർ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും തന്നെ വന്ന് കാണുമോ. മുഖ്യമന്ത്രിക്ക് തന്നോട് അരിശമാണെന്നും ചെന്നിത്തല പറഞ്ഞു
ഐശ്വര്യ കേരളയാത്രയിലെ ലിസണിംഗ് പരിപാടിയിൽ ആലപ്പുഴയിൽ വെച്ചാണ് ജാക്‌സൺ പൊള്ളയിൽ ഈ വിഷയം തന്നോട് പറയുന്നത്. 400 ട്രോളറുകൾക്കും അഞ്ച് മദർ ഷിപ്പുകൾക്കും വേണ്ടി കരാർ ഒപ്പിട്ടതായും ഇത് തീരപ്രദേശത്ത് വൻ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരും ഇതൊന്നും അറിഞ്ഞില്ലേയെന്ന് താൻ ചോദിച്ചു. അതിന്റെ വീഡിയോ ദൃശ്യം കൈവശമുണ്ടെന്ന് പറഞ്ഞു. അതിന് ശേഷമാണ് താനിതിനെ കുറിച്ച് അന്വേഷണം നടത്തിയത്. ഇഎംസിസിക്കാർ എന്നെ വന്ന് കണ്ടിട്ടില്ല. മുൻ പ്രൈവറ്റ് സെക്രട്ടറി തനിക്ക് വിവരം തന്നിട്ടില്ല.
മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനും കേരളത്തിന്റെ കടൽ വിൽക്കാനും തീരുമാനിച്ചത് സർക്കാരാണ്. കടലിന്റെ മക്കളുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.