ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞായറാഴ്ചയാണ് ഡല്‍ഹി നങ്കലില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ചത്.
”ഞാനാ കുടുംബത്തോടെ സംസാരിച്ചു. അവര്‍ക്ക് നീതിയല്ലാതെ മറ്റൊന്നും വേണ്ട. അവർക്ക് നീതി ലഭിക്കുന്നില്ലെന്നും അവരെ സഹായിക്കണമെന്നും അവർ പറയുന്നു. ഞങ്ങളത് അവര്‍ക്ക് നേടിക്കൊടുക്കും. കൂടെയുണ്ടെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കും വരെ രാഹുല്‍ ഗാന്ധി അവരോടൊപ്പം നില്‍ക്കും” രാഹുല്‍ പറഞ്ഞു. എന്നാല്‍ രാഹുലിന്‍റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. സ്ഥലത്തെ കോണ്‍ഗ്രസ് കൌണ്‍സിലര്‍ ഇതുവരെ സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
പെൺകുട്ടിയുടെ മാതാപിതാക്കളെ കാണാനാണ് രാഹുൽ ഗാന്ധി വന്നതെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. വിഷയം രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു. ദലിത് പെണ്‍കുട്ടിയും രാജ്യത്തിന്‍റെ മകളാണ് എന്നായിരുന്നു സംഭവത്തെക്കുറിച്ച് രാഹുല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും അറിയിച്ചിരുന്നു. കുടുംബത്തിന് നീതി ലഭിക്കാനായി എല്ലാം ചെയ്തുകൊടുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.