രാഹുലിനും പ്രിയങ്കയ്ക്കൊപ്പം മൂന്ന് നേതാക്കള്‍ കൂടി, പെണ്‍ക്കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബാലത്സംഗത്തിനിരയായി മരിച്ച പെണ്‍ക്കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കൊല്ലപ്പെട്ട ദളിത് പെണ്‍ക്കുട്ടിയുടെ ഗ്രാമത്തിലെത്തിയ ഇരുവരും കുടുംബാംഗങ്ങളുമായി സംസാരിച്ചു
തങ്ങള്‍ക്ക് നേരിട്ട അവഗണനകളെ കുറിച്ചും അനീതിയെ കുറിച്ചും യുവതിയുടെ കുടുംബാംഗങ്ങള്‍ ഇവരോട് പറഞ്ഞു. യുവതിയുടെ അമ്മയെ പ്രിയങ്ക ഗാന്ധി ആശ്വസിപ്പിച്ചു. പിതാവില്‍ നിന്നും സഹോദരനില്‍ നിന്നും ഇരുവരും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഘടന ചുമതലയുള്ള AICC ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ലോക്സഭയിലെ കക്ഷിനേതാവ് അധീര്‍രഞ്ജന്‍ദാസ് ചൗധരി, മുകുള്‍ വാസ്നിക് എന്നിവരും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഉണ്ടായിരുന്നു.
പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം കാറില്‍ വന്ന രാഹുല്‍ ഗാന്ധിയെ ന്യൂഡല്‍ഹി-നോയിഡ ബോര്‍ഡറായ DND എക്സ്പ്രസ് വേയില്‍ പോലീസ് തടഞ്ഞിരുന്നു. പിന്നീടു ഇരുവരെയും പോകാന്‍ അനുവദിക്കുകയായിരുന്നു. മുപ്പതോളം കോണ്‍ഗ്രസ് എംപിമാരും നിരവധി പ്രവര്‍ത്തകരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു. എന്നാല്‍, ഇവരെ കടത്തിവിട്ടില്ല.
മേഖലയിലെ ഗതാഗത കുരുക്ക് രൂക്ഷമാണ്. കനത്ത പോലീസ് സന്നാഹത്തെയാണ് സര്‍ക്കാര്‍ ഇവിടെ വ്യന്യസിച്ചിട്ടുള്ളത്. സന്ദര്‍ശനത്തിന് പിന്നാലെ യുപി സര്‍ക്കാരും പോലീസും പെണ്‍ക്കുട്ടിയോടും കുടുംബത്തോടും പെരുമാറിയത് സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും അത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
യുപി സര്‍ക്കാര്‍ ധാര്‍മ്മികമായി അഴിമതി നിറഞ്ഞതാണെന്നും ഇരയ്ക്ക് കൃത്യ സമയത്ത് ചികിത്സ ലഭിക്കുകയോ പരാതി കൃത്യസമയത്ത് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു. കൂടാതെ, മൃതദേഹം ബലമായി സംസ്കരിക്കുകയു൦ കുടുംബത്തെ ബന്ധനത്തിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.