Monday, January 6, 2025
National

ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി നീക്കിയിട്ട് നാളെ ഒരുവര്‍ഷം

കാഷ്മീരിന്റെ പ്രത്യേകപദവി നീക്കിയിട്ട് നാളെ ഒരുവര്‍ഷം തികയുമ്പോഴും കര്‍ശനസുരക്ഷയ്ക്കും നിയന്ത്രണങ്ങള്‍ക്കും അയവില്ല. വാര്‍ഷികത്തിന് രണ്ടുദിവസം ബാക്കിനില്‍ക്കേ തിങ്കളാഴ്ചമുതല്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. കോവിഡ് കാരണമാണ് അടച്ചിടലെന്നാണ് അധികൃതര്‍ പറയുന്നത്. ചികിത്സയടക്കമുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് അനുമതിയില്ല. പലയിടങ്ങളിലും സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരായ ജനങ്ങളുടെ ‘ദേഷ്യവും നിരാശയും’ പുറത്തുവരാതിരിക്കാനാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി ആരോപിച്ചു.

കശ്മീരില്‍ സമാധാനവും സാധാരണനിലയും ഒപ്പം വികസനവും കൈവരിക്കാനായെന്നാണ് നവംബറില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, അധികമായി വിന്യസിച്ച 20,000-ത്തോളം സേനാംഗങ്ങള്‍ ഇവിടെനിന്ന് പിന്മാറിയിട്ടില്ല. ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടുമില്ല. 2019 ഓഗസ്റ്റ് അഞ്ചിനുമുമ്പ് സി.ആര്‍.പി.എഫിന്റെ നൂറുവീതം സൈനികരടങ്ങുന്ന 300 കമ്പനികളാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രത്യേകപദവി നീക്കിയതോടെ 200 കമ്പനികള്‍ അധികമായി വിന്യസിച്ചു.

അതേസമയം ശ്രീനഗര്‍ ജില്ലയില്‍ രണ്ടു ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്തിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനം ബുധനാഴ്ചയാണ്. ചൊവ്വ, ബുധന്‍ ദിനങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ശന ജാഗ്രത പാലിയ്ക്കണമെന്നും സുരക്ഷാ വിന്യാസം വര്‍ധിപ്പിയ്ക്കണമെന്നും നിര്‍ദേശമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *