Saturday, January 11, 2025
Kerala

കനത്ത മഴ തുടരുന്നു; ഒരു മരണം, മരങ്ങൾ കടപുഴകി വീടുകൾ തകർന്നു; ജില്ലകളിൽ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വ്യാപകമായി തുടരുന്നു. റെഡ് അലർട്ടുള്ള കണ്ണൂരും കാസർകോടും ഇടുക്കിയിലും അതിശക്തമായി മഴ പെയ്യുകയാണ്. പാലക്കാട് തെങ്ങ് കടപുഴകി വീണ് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെമ്പാടും വ്യാപകമായി മരങ്ങൾ കടപുഴകി വീണു. ഈ അപായങ്ങളിൽ നിന്ന് നിരവധി പേരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കനത്ത മഴ കണക്കിലെടുത്ത് കാസർകോട് പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലർട്ടുളള കണ്ണൂരിൽ കനത്ത മഴ തുടരുകയാണ്. ജില്ലാ ആശുപത്രിക്കടുത്തുളള ബസ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസിന് മുകളിൽ മരം വീണു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പടുവിലായി ചാമ്പാട് ഒരു വീട് തകർന്നു. ചാമ്പാട് കുശലകുമാരിയുടെ വീടാണ് തകർന്നത്. തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലായി രണ്ട് വീടുകൾ ഭാഗികമായി തകർന്നു. പഴയങ്ങാടിയിൽ താഴ്ന്ന പ്രദേശങ്ങൾ വെളളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിലേക്ക് രാത്രിയാത്ര വിലക്കിക്കൊണ്ട് കളക്ടർ ഉത്തരവിറക്കി.

മലപ്പുറം പൊന്നാനി തീരത്തു മുപ്പതോളം വീടുകളിൽ കടൽക്ഷോഭത്തിൽ വെള്ളം കയറി. വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്. കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി. ചങ്ങരംകുളം ഹൈവേ ജംക്ഷനിൽ മരം കടപുഴകി വീണു. കാൽനടയാത്രക്കാരും വാഹനങ്ങളും ഇല്ലാത്തത് കാരണം വലിയ അപകടം ഒഴിവായി. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. ഒതുക്കുങ്ങൽ മറ്റത്തൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. കാരാട്ടിൽ മുഹമ്മദ് ശരീഫിന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ ഓടുകൾ തകർന്നു. ആർക്കും പരിക്കില്ല. നിലമ്പൂരിൽ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ ദേശീയ ദുരന്ത നിവാരണ സംഘം സന്ദർശനം നടത്തി. എൻഡിആർഎഫിന്റെ ഇരുപത് പേരടങ്ങിയ സംഘമാണ്‌ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നത്.

വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞു വീണ് ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം സംഭവിച്ചിട്ടുണ്ട്. പല്ലാറോഡ് കുമാരൻ മണിയുടെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം. പാടത്ത് കള വലിക്കുന്നതിനിടെ തെങ്ങ് കടപുഴകി ഇലക്ട്രിക്ക് ലൈനിലേക്കും ശേഷം താഴേക്കും പതിക്കുകയായിരുന്നു. തങ്കമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ വൈദ്യുതി നിലച്ചത് മൂലം വൻ ദുരന്തം ഒഴിവായി.നാല് പേരാണ് ഈ സമയം പാടത്ത് കള വലിക്കാനുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന വെള്ളച്ചിക്ക് നിസാരമായ പരുക്കേറ്റു. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കനത്ത മഴയില്‍ അടിമാലി വാളറയില്‍ വീടിന്‍റെ സരക്ഷണഭിത്തി ഇടിഞ്ഞു. പൊടിപാറ പുത്തന്‍പുരക്കല്‍ മാത്യുവിന്‍റെ വീടിന്‍റെ സരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇതോടെ വീട് അപകടാവസ്ഥയിലായി. കൂടുതല്‍ മഴ പെയ്താല്‍ മാത്യുവിനെയും കുടുംബത്തെയും പ്രദേശത്തു നിന്ന് മാറ്റാനാണ് റവന്യു ഉദ്യോഗസ്ഥരുടെ തീരുമാനം.

മൂവാറ്റുപുഴ കോടതി വളപ്പില്‍ പാർക്ക് ചെയ്ത കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. 12 മണിയോട് കൂടിയാണ് അപകടമുണ്ടായത്. സമീപത്തെ വലിയ മൺതിട്ടയിൽ നിന്നും പാറക്കല്ലുകൾ ഉൾപ്പെടെ കാറിൻറെ മുൻഭാഗത്ത് പതിച്ചു. കാറിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. മണ്ണ് ഇടിഞ്ഞു വീണതിനെ തുടർന്ന് കാറിൻറെ മുൻഭാഗത്തെ ഒരു വശം പൂർണമായും തകർന്നിട്ടുണ്ട്. കോലഞ്ചേരി സ്വദേശി ബിജു കെ ജോർജിന്റെ വാഹനമാണ് തകർന്നത്.

Leave a Reply

Your email address will not be published. Required fields are marked *