നിയമസഭയില്‍ വിശ്വാസവോട്ട് നേടി ഷിൻഡെ, രണ്ട് പേർ കൂടി കൂറു മാറി
മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി.288 അംഗ നിയമസഭയില്‍ 164 പേരാണ് സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടു ചെയ്തത്. സര്‍ക്കാരിനെ എതിര്‍ത്ത് 99 പേരും വോട്ടു ചെയ്തു. വോട്ടെടുപ്പ് വേളയില്‍ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി ഒരു ശിവസേന എംഎല്‍എ കൂടി ഷിന്‍ഡേ പക്ഷത്തേക്ക് കൂറുമാറി.
ഉദ്ധവിന്റെ ക്യാംപിലുണ്ടായിരുന്ന എംഎല്‍എ സന്തോഷ് ബംഗര്‍ ആണ് രാവിലെ ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്നത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പിഡബ്ല്യുപിഐ എംഎല്‍എ ശ്യാംസുന്ദറും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
സമാജ് വാദി പാര്‍ട്ടിയുടെ അബു ആസ്മി, റയീസ് ഷേഖ്, എഐഎംഐഎം എംഎല്‍എ ഷാ താരിഖ് അന്‍വര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്. ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് 107 വോട്ടു ലഭിച്ചിരുന്നു. ബഹുജന്‍ വികാസ് അഗാഡിയും ഷിന്‍ഡെ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു.
സര്‍ക്കാരിന് മികച്ച ഭൂരിപക്ഷം നല്‍കിയതിന് എംഎല്‍എമാരോട് നന്ദി പറയുന്നുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഷിന്‍ഡെ വിശ്വസ്തനായ ശിവസൈനികനാണ്. ബാലസാഹേബിന്റെ ആശയങ്ങളുടെ അടിയുറച്ച അനുയായിയാണ് ഏക്‌നാഥ് ഷിന്‍ഡെയെന്നും ഫഡ്‌നാവിസ് പറഞ്ഞു.