Thursday, January 23, 2025
National

പ്രഭാതഭക്ഷണത്തിൻറെ ഗുണനിലവാരമറിയണം; അതിരാവിലെ സ്‌കൂളിലെത്തി അപ്രതീക്ഷിത പരിശോധന നടത്തി സ്റ്റാലിൻ

തമിഴിനാട് വെല്ലൂർ ജില്ലയിലെ സ്കൂളിൽ അപ്രതീക്ഷിത പരിശോധന നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രഭാതഭക്ഷണ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നു പരിശോധന. വെല്ലൂർ ജില്ലയിലെ ആദി ദ്രാവിഡർ സ്‌കൂളിലായിരുന്നു മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം.

കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലെത്തിയ മുഖ്യമന്ത്രി പ്രധാനാധ്യാപകൻ അൻപഴകനുമായി സ്‌കൂളിന്റെ ആവശ്യങ്ങളെക്കുറിച്ചും അവിടെ നൽകുന്ന പ്രഭാതഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു.

മുഖ്യമന്ത്രി കുറച്ച് വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പുകയും വിദ്യാർത്ഥികളുടെ എണ്ണം, അവരുടെ പഠനത്തെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞതായും പ്രധാനാധ്യാപകൻ പറഞ്ഞു.ആദി ദ്രാവിഡർ ആന്റ് ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള സർക്കാർ സ്‌കൂളാണ്.

73 പെൺകുട്ടികൾ ഉൾപ്പെടെ 132 കുട്ടികളാണ് സ്‌കൂളിൽ ഇപ്പോൾ പഠിക്കുന്നത്. ഭൂരിഭാഗം വിദ്യാർഥികളും ആദിവാസി ഇരുള വിഭാഗത്തിൽ നിന്നുള്ളവരാണ്. വെല്ലൂർ ജില്ലാ കളക്ടർ കുമാരവേൽ പാണ്ഡ്യൻ, വെല്ലൂർ കോർപ്പറേഷൻ കമ്മീഷണർ പി.അശോക് കുമാർ എന്നിവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. വെല്ലൂർ കോർപ്പറേഷൻ പരിധിയിലെ സത്തുവാചാരിയിലെ വെൽനസ് സെന്ററും മുഖ്യമന്ത്രി സന്ദർശിച്ചു. സംസ്ഥാന സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന കമ്മ്യൂണിറ്റി കിച്ചണും എം കെ സ്റ്റാലിൻ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *