Monday, January 6, 2025
Kerala

കേരളത്തിന് വന്ദേഭാരത് വൈകില്ല: ശബരി പദ്ധതിക്കും പാതയിരട്ടിപ്പിക്കലിനും പണം അനുവദിച്ചു

ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഒടുവിൽ കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും എത്തുകയാണ്. കർണാടകത്തിനും തമിഴ്നാടിനും നൽകിയ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലുമെത്തുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഡൽഹിയിൽ വ്യക്തമാക്കിയത്. കേരളത്തിന് 2033 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാർ ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന പദ്ധതിയാണ് അങ്കമാലി ശബരി റെയിൽപാത. 116 കിമീ വരുന്ന പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം – കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *