വീട്ടില്‍ ആളുണ്ടോ എന്നറിയാന്‍ മുറ്റത്ത് പത്രമിടും; പുതിയ രീതിയില്‍ മോഷണം
വീടുകളില്‍ പത്രമിട്ട് ആളുണ്ടോ എന്ന് മനസിലാക്കി മോഷണം നടത്തി കള്ളന്മാര്‍. ഗാസിയാബാദിലാണ് പുതിയ തന്ത്രം മെനഞ്ഞ് മോഷണം നടത്തിയത്. വീട്ടിലേക്ക് പത്രമെറിഞ്ഞ് ആളില്ലെന്ന് മനസിലാക്കി ഗാസിയാബാദിലെ ഒരു വീട്ടില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ സ്വര്‍ണവും പണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ബുധനാഴ്ചയാണ് മോഷണം നടന്നത്. രവീന്ദ്രകുമാര്‍ ബന്‍സാല്‍ എന്നയാള്‍ കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായ വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ന്ന നിലയിലായിരുന്നു. മുറ്റത്ത് ഒരു പത്രവും കിടന്നിരുന്നു.
പത്രത്തിന്റെ വരിക്കാരല്ലാതിരുന്ന വീട്ടില്‍ എങ്ങനെ പത്രം വന്നുവെന്ന സംശയത്തിലാണ് വീട്ടുകാര്‍ മോഷണം വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് അന്വേഷണത്തിലാണ് വീട്ടുകാര്‍ അകത്തുണ്ടോ എന്നറിയാന്‍ പത്രമിടുന്നതാണ് കള്ളന്മാരുടെ രീതിയെന്ന് മനസിലാകുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.