ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; അടിയന്തര യോഗം വിളിച്ച് ബിജെപി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്നുച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനം ചേരും. രാവിലെ 10 മണിക്ക് ഗാന്ധിനഗറില്‍ ബിജെപി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോഴും ഗുജറാത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ തീയതി പ്രഖ്യാപിച്ചിരുന്നില്ല.
ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 നും ഹിമാചല്‍ പ്രദേശ് നിയമസഭയുടെ കാലാവധി 2023 ജനുവരി 8 നുമാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം തവണയും ഭരണം ഉറപ്പിക്കാനാണ് ബിജെപി ശ്രമം. രണ്ട് ഘട്ടങ്ങളിലായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ രണ്ടിനും രണ്ടാംഘട്ടം ഡിസംബര്‍ 4/5 തീയതികളിലും നടന്നേക്കും.
അതേസമയം 2017ല്‍ 182 സീറ്റില്‍ 99 സീറ്റും ബിജെപി നേടിയപ്പോള്‍ 77 സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ബിടിപിക്ക് രണ്ടും എന്‍സിപിക്ക് ഒന്നും സ്വതന്ത്രന് 2 സീറ്റുകളുമായിരുന്നു 2017ല്‍. ബിജെപി-111, കോണ്‍ഗ്രസ്-62, ബിടിപി-2, എന്‍സിപി-1. സ്വതന്ത്രര്‍-1 എന്നിങ്ങനെയാണ് നിലവില്‍ സംസ്ഥാനത്തെ കക്ഷിനില. 5 ഒഴിവുകളാണുള്ളത്. 2017ന് ശേഷം 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തു. പഞ്ചാബില്‍ ശക്തി തെളിയിച്ച ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി ഗുജറാത്ത് ഗോദയിലേക്കിറങ്ങുന്നത്.