ശ്രീലങ്കയ്ക്ക് കൂടുതൽ സാമ്പത്തിക സഹായവുമായി ഇന്ത്യ; 3.8 ബില്യൺ ഡോളർ സഹായം നൽകി
ശ്രീലങ്കയ്ക്ക് കൂടുതൽ സാമ്പത്തിക സഹായവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 3.8 ബില്യൺ ഡോളറിൻറെ സഹായം ഇതിനോടകം നൽകി കഴിഞ്ഞു. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികൾ, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകൾ പുരോഗമിക്കുകയാണ്. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകൾ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതൽ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അഭയാർത്ഥി പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോർട്ടുള്ളത്.
അതേസമയം ശ്രീലങ്കൻ ജനതയയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാൻ ശ്രീലങ്കയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കൻ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ശ്രീലങ്ക പ്രതിസന്ധി മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.