Sunday, December 29, 2024
National

നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്; വരുന്ന നിയമസഭ തെരഞ്ഞടുപ്പ് ലക്ഷ്യമെന്നും സൂചന

ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാമ് പുറത്തിറങ്ങുക. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. അതേസമയം പുതിയ വാർത്തകളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.

വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്. വിജയ് നടത്തിയ സമീപകാല പരിപാടികള്‍ എല്ലാം ചേര്‍ത്താണ് ഇത്തരം ഒരു ചര്‍ച്ച സജീവമായത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. വിസികെ നേതാവ് തിരുമാവളവൻ പരസ്യമായി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിരുന്നു. അതേസമയം വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് നടനായ ശരത് കുമാര്‍. ശരത് കുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ പോര്‍ തൊഴില്‍ ചിത്രത്തിന്‍റെ വിജയാഘോഷം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. അതില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ എന്താണ് അഭിപ്രായം എന്നാണ് മാധ്യമങ്ങള്‍ ചോദിച്ചത്. ഇതില്‍ എല്ലാവരും രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് തന്‍റെ ആഗ്രഹം എന്നാണ് ശരത് കുമാര്‍ പറഞ്ഞത്.

തങ്കളുടെ കക്ഷി വിജയ് ഇത്തരത്തില്‍ വന്നാല്‍ കൂട്ടുകക്ഷിയാകുമോ എന്ന ചോദ്യത്തിന് ഒരു വ്യക്തി രാഷ്ട്രീയത്തിലേക്ക് വരും മുന്‍പ് തന്നെ സഖ്യകക്ഷിയാകുമോ എന്നത് ബാലിശമായ ചോദ്യമാണെന്നായിരുന്നു ശരത്കുമാറിന്‍റെ മറുപടി. ഇതിനെ തുടര്‍ന്ന് ഇത്തരം ചോദ്യങ്ങളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുമായി രൂക്ഷമായ തര്‍ക്കം തന്നെ ശരത് കുമാര്‍ നടത്തി. തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ സമത്വ മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തനം നന്നായി പോകുന്നുണ്ടെന്നും ശരത്കുമാര്‍ പറഞ്ഞു. മദ്യനിരോധനം അടക്കം തന്‍റെ കക്ഷിയുടെ ക്യാംപെയിനുകള്‍ നടക്കുന്നതായി ശരത് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *