‘കോടികൾ കീശയിലാക്കിയത് ഇരട്ട ചങ്കനായ നേതാവ് ഒറ്റക്ക്, പാർട്ടിയിൽ കണക്കില്ല, രസീതുമില്ല’
തിരുവനന്തപുരം : കൈതോലപ്പായയിലെ പണം കടത്ത് ആരോപണം ആവർത്തിച്ച് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ. കോടികൾ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്കാണെന്നും വാങ്ങിയ കാശിന് പാർട്ടിയിൽ കണക്കില്ലെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. ഏതുകാലത്തും കർക്കശമായ ചെലവ് വരവ് കണക്കുകൾ സൂക്ഷിക്കുന്ന പാർട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. കോൺഗ്രസിന് വേണ്ടി ആരോപണമുന്നയിക്കുന്നുവെന്ന എം വി ഗോവിന്ദന്റെ ആരോപണത്തിന് ‘എന്റെ രക്തത്തിന്റെ രാഷ്ട്രീയ ഡി എൻ എ ആർക്കും മനസിലാകുന്നില്ല’? എന്നായിരുന്നു ശക്തിധരൻ നൽകിയ മറുപടി.
കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ഫെയ്സ്ബുക് പോസ്റ്റിലൂടെയുള്ള ഗുരുതര ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ വ്യക്തമാക്കിയിരുന്നു. സിപിഎം പത്രമായ ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററുടെ ആരോപണം വലിയ ചർച്ചയായി. കോൺഗ്രസ് അടക്കം പിന്നീട് വിഷയം ഏറ്റെടുത്തിട്ടുണ്ട്.