പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി; പരുക്കേറ്റവരെ നേരില്‍ കണ്ട് വിവരങ്ങള്‍ തേടും
രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായ ഒഡിഷയിലെ ബഹനാഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. കട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി ഇപ്പോള്‍ സന്ദര്‍ശിക്കുകയാണ്. അപകടത്തെക്കുറിച്ച് പരുക്കേറ്റ ആളുകളില്‍ നിന്ന് പ്രധാനമന്ത്രി നേരിട്ട് വിവരങ്ങള്‍ തേടുകയാണ്. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്ക് ഒരുക്കിയിരിക്കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബലാസോറിലെത്തിയത്.
ഭുവനേശ്വറില്‍ നിന്നാണ് ഹെലികോപ്റ്റര്‍ മാര്‍ഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. ബലാസോറിലെത്തിയ നരേന്ദ്രമോദിയെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ചു.
ഇന്നലെയുണ്ടായ ദുരന്തത്തില്‍ 261 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ 300നടുത്ത് ആളുകള്‍ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. 19ഓളം മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ആയിരത്തോളം പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്‌നല്‍ സംവിധാനത്തിലെ അപാകതകളാണെന്ന് പ്രാഥമിക നിഗമനം. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകള്‍ ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. അതേ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് സിഗ്‌നല്‍ തകരാര്‍ മൂലം ഒഡിഷയില്‍ തന്നെ ട്രെയിന്‍ ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവന്‍ നഷ്ടമാകുന്നതും.