ഒഡിഷ ട്രെയിൻ അപകടം: ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണം: ആരാധകരോട് ചിരഞ്ജീവി
അപകടമേഖലയുടെ പരിസരത്തുള്ളവർ ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണമെന്ന് ആരാധകരോട് ചിരഞ്ജീവി. രക്തം ആവശ്യമുള്ളവർക്ക് അതെത്തിച്ചുനല്കണമെന്നും രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒറീസയിലെ ദാരുണമായ കോറോമാണ്ടൽ എക്‌സ്‌പ്രസ് അപകടത്തിലും മരണത്തിലും ഞെട്ടിയെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് താൻ മനസിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒഡിഷയിലെ അപകടത്തില്‍ പ്രതികരണവുമായി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. “ദാരുണവും ലജ്ജാകരവുമാണ്. 3 ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു. ഓം ശാന്തി.” വിവേക് ട്വിറ്ററില്‍ കുറിച്ചു.
‘ഭയാനകം, വലിയൊരു ദുരന്തം’ നടന്‍ മനോജ് ബാജ്പേയി പ്രതികരിച്ചു. ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ദാരുണമായ ട്രെയിൻ അപകടത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് സണ്ണി ഡിയോൾ ട്വീറ്റ് ചെയ്തു.
“അപകടത്തെ കുറിച്ച് കേട്ടതിൽ ശരിക്കും സങ്കടമുണ്ട്, ദൈവം മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ, ഈ നിർഭാഗ്യകരമായ അപകടത്തിൽ നിന്ന് കുടുംബങ്ങളെയും പരുക്കേറ്റവരെയും സംരക്ഷിക്കുകയും ശക്തി നൽകുകയും ചെയ്യട്ടെ,” സൽമാൻ ഖാൻ ട്വീറ്റ് ചെയ്തു.
”ഹൃയഭേദകം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുരിതബാധിതരുടെ കുടുംബങ്ങളോട് എന്‍റെ അനുശോചനവും അറിയിക്കുന്നു. ഓം ശാന്തി.” അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.ജൂനിയര്‍ എന്‍ടിആര്‍,സോനു സൂദ്, ശില്‍പ ഷെട്ടി, കരീന കപൂർ എന്നിവർ അനുശോചിച്ചു.