‘ഈ സമയത്തല്ല കൂട്ടേണ്ടത്’: വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം
ഒഡിഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഭുവനേശ്വറിൽ നിന്നും, ഭുവനേശ്വറിലേക്കുമുള്ള വിമാന സർവീസുകളിൽ വിമാന യാത്രാ നിരക്ക് കൂട്ടരുതെന്നാണ് നിർദ്ദേശം. യാത്രാ നിരക്ക് അസാധാരണമായി കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കേന്ദ്ര മന്ത്രാലയം നിർദ്ദേശവും നൽകി. ട്രെയിൻ അപകടം മൂലമുണ്ടാകുന്ന യാത്ര റദ്ദാക്കൽ, യാത്ര മാറ്റിവയ്ക്കൽ എന്നിവയ്ക്ക് യാത്രക്കാരുടെ പക്കൽ നിന്നും പിഴയീടാക്കരുതെന്നും കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ അപകടത്തിൽ മരണസംഖ്യ 288 ആയി ഉയർന്നു. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ട്. 56 പേരുടെ നില ഗുരുതരമാണ്. ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. ഇന്നലെ വൈകീട്ട് 6.55നായിരുന്നു സംഭവം. കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയിൽ ഇടിച്ചു കയറുകയായിരുന്നു. പാളം തെറ്റിയ ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിൽ പോയ ഹൗറ സൂപ്പർ ഫാസ്റ്റിന് മുകളിലേക്ക് വീണത് ദുരന്തത്തിന്റെ വ്യാപ്തി ഉയർത്തി. രക്ഷാപ്രവർത്തനം ഇന്ന് ഉച്ചയോടെ അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അപകട സ്ഥലം സന്ദർശിച്ചു.
മരിച്ച പലരെയും തിരിച്ചറിഞ്ഞിട്ടില്ല. ദക്ഷിണ-പൂർവ റെയിൽവെ തങ്ങളുടെ വെബ്സൈറ്റിൽ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അപകടത്തിൽപെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ഉണ്ടായിരുന്ന 33 യാത്രക്കാരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ഉള്ളതെന്നും ഇവരെല്ലാം ജനറൽ ബോഗിയിലെ യാത്രക്കാരായിരുന്നുവെന്നും റെയിൽവേ സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
അപകട കാരണം ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതാണെന്നാണ് അപകട സ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മെയിൻ ട്രാക്കിലൂടെ പോകേണ്ട ഈ ട്രെയിൻ ലൂപ്പ് ട്രാക്കിലൂടെ മാറിയോടി. ഇതാണ് അപകടത്തിന് കാരണമായത്. നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഇടിച്ചത്. ഈ സമയത്ത് 130 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചത്. മാനുഷികമായ പിഴവാകാം ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് സംശയം. അപകടത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. കോറമണ്ഡൽ എക്സ്പ്രസിന്റെ 3 ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ട്രെയിനിലേക്ക് വീണതോടെ ഈ ട്രാക്കിലൂടെ പോയ ഹൗറ സൂപ്പർഫാസ്റ്റും അപകടത്തിൽപെട്ടു.